രാജ്യത്തെ കോര്‍പ്പറേറ്റ് ടാക്സ് 22 ശതമാനമാക്കി കുറയ്ക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം ഓഹരി വിപണിക്ക് കരുത്തേകി.സെന്‍സെക്സ് 1607 പോയന്റ് കുതിച്ച് 37701 ലും നിഫ്റ്റി 423 പോയന്റ് ഉയര്‍ന്ന് 11128ലുമെത്തി. പത്തുവര്‍ഷത്തിനിടയിലെ ഒരൊറ്റ ദിവസത്തെ ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി സ്വന്തമാക്കിയത്. നിഫ്റ്റിയുടെ വിപണി മൂലധനം 2.5 ലക്ഷം കോടി രൂപ ഉയര്‍ന്നു.
വിപണി കുതിച്ചതോടെ 1445 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായി. 538 ഓഹരികള്‍മാത്രമാണ് നഷ്ടത്തില്‍.
ജൂലായ് അഞ്ചിലെ ബജറ്റിനു മുമ്പ് ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപനം നടത്തിയിട്ടുള്ള കമ്പനികള്‍ക്ക് പുതിയതായി അതിന് നിശ്ചയിച്ചിട്ടുള്ള നികുതി ബാധകമായിരിക്കില്ലെന്ന പ്രഖ്യാപനവും വിപണിക്ക് തുണയായി.
ഓട്ടോ ഓഹരികളില്‍ മാരുതി സുസുകി 3.4 ശതമാനവും ഹീറോ മോട്ടോര്‍കോര്‍പ് 3 ശതമാനവും എംആന്റ്എം 2.6 ശതമാനവും ടാറ്റമോട്ടോഴ്സ് 2.2 ശതമാനവും ഉയര്‍ന്നു.യെസ് ബാങ്ക് 6 ശതമാനം കുതിച്ചു. താജ് ജിവികെ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട് അഞ്ച് ശതമാനവും ലീല വെഞ്ച്വര്‍ 3.5 ശതമാനവും ഇന്ത്യ ഹോട്ടല്‍സ് 1.7 ശതമാനവും നേട്ടമുണ്ടാക്കി.
Discussion about this post