ഹൂസ്റ്റൺ; ‘ഹൗഡി മോഡി’ പരിപാടിയുടെ ഭാഗമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണിലെ കശ്മീരി പണ്ഡിറ്റ് സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ഏഴ് ലക്ഷം കശ്മീരി പണ്ഡിറ്റുകൾക്കായി തങ്ങൾ പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായി അവർ പറഞ്ഞു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ സർക്കാർ തീരുമാനത്തിന് നന്ദി അറിയിക്കുന്നതായി അവർ പ്രധാനമന്ത്രിയെ അറിയിച്ചു. തന്റെ സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതിന് പ്രധാനമന്ത്രി കശ്മീരി പണ്ഡിറ്റുകൾക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ എഴുപത് വർഷം കശ്മീരി പണ്ഡിറ്റുകൾ ഒരുപാട് സഹിച്ചുവെന്നും പുതിയ കശ്മീർ നിർമ്മിക്കാൻ ഒരുമിച്ചു പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൂസ്റ്റണിലെ ബോറ മുസ്ലിം വിഭാഗവുമായും സിഖ് സമുദായാംഗങ്ങളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷമുണ്ടായ സിഖ് വിരുദ്ധ കൂട്ടക്കൊലയ്ക്ക് ഇരയായവർക്ക് നീതി ലഭ്യമാക്കണമെന്ന് സിഖ് സമൂഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. 1984ൽ നടന്ന സിഖ് കുരുതിയിൽ പതിനായിരക്കണക്കിന് സിഖ് വംശജരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടതെന്ന് അവർ പറഞ്ഞു. സംഭവത്തിൽ നിരവധി കോൺഗ്രസ്സ് നേതാക്കൾക്ക് പങ്കുള്ളതായി അന്വേഷണ സംഘങ്ങൾ കണ്ടെത്തിയിരുന്നു.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി ഗുരു നാനാക് ദേവ് അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കണമെന്നും സിഖ് സമുദായം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
Discussion about this post