രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ സൗകര്യം ഉപയോഗിക്കുന്നവരില്‍ പുറത്ത് നിന്നുള്ളവരും ഉണ്ടെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന വിവാദമായി. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ട്രോമാ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് കെജ്രിവാള് വിവാദ പരാമര്‍ശം നടത്തിയത്. ദേശീയ തലസ്ഥാനത്ത് എത്തുന്ന പുറത്ത് നിന്നുള്ളവര്‍ക്കാണ് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍വേയില്‍ 80 ശതമാനം രോഗികളും ദേശീയ തലസ്ഥാനത്തിന് പുറത്തുള്ളവരാണെന്ന് കണ്ടെത്തിയെന്നും കെജ്രിവാള് വെളിപ്പെടുത്തി.
‘ഡല്‍ഹിയിലെ ആളുകള്‍ക്ക് ആശുപത്രികളില്ചികിത്സ നടത്തുന്നത് ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുന്നു. അതിനാലാണ് നമ്മുടെ സര്‍ക്കാര്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയത്. ഇപ്പോള്‍ പൗരന്മാര്ക്കും മരുന്നുകള്‍ ലഭിക്കുന്നു. പക്ഷേ, ചികിത്സക്കായി ധാരാളം ആളുകള്‍ പുറത്തു നിന്ന് വരുന്നുണ്ട് എന്നതാണ് കാര്യം. ഡല്‍ഹി നിന്നുള്ളവരെ മാത്രം ചികിത്സിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ ആശുപത്രികള്‍ മതിയാകും, എന്നിങ്ങനെ അരവിന്ദ് കെജ്രിവാള് പറഞ്ഞു. ബീഹാര്‍ സ്വദേശിയായ ഒരാള്‍ക്ക് 5 ലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. അതേസമയം, രാജ്യമെമ്പാടുമുള്ള ആളുകള്‍ ഡല്‍ഹിയില്‍ ചികിത്സയ്ക്കായി വരുന്നതില്‍ സന്തോഷമുണ്ടെന്നും കെജ്രിവാള് പറഞ്ഞു.
മനുഷ്യത്വ രഹിതമായ പ്രസ്താവന എന്നാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിശേഷിപ്പിച്ചത്. വോട്ടിനായി എന്തു പറയുമെന്ന അവസ്ഥയിലാണ് കെജ്രിവാളെന്നും ബിജെപി നേതാവ് രവി കിഷന് പറഞ്ഞു.
ഡല്‍ഹിയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തീവാരി പുറത്ത് പോവേണ്ടി വരുമെന്ന വിവാദ പ്രസ്താവനയും നേരത്തെ കെജ്രിവാള് നടത്തിയിരുന്നു.
Discussion about this post