കൊഹിമ : 20 വർഷങ്ങൾക്ക് ശേഷം നാഗാലാൻഡിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്. ജൂൺ 26 ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമായി നാഗാലാൻഡിൽ 33 ശതമാനം വനിതാ സംവരണത്തോടെ തിരഞ്ഞെടുപ്പ് നടത്തുന്നു എന്ന പ്രത്യേകതയും ഈ തദ്ദേശ തിരഞ്ഞെടുപ്പിന് ഉണ്ട്.
2001ലാണ് നാഗാലാൻഡിൽ മുനിസിപ്പൽ ആക്ട് നടപ്പിലാക്കിയത്. തുടർന്ന് 2004ൽ ആദ്യത്തെ നഗര തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സംവരണം ഇല്ലായിരുന്നു. 2012 ൽ നാഗാലാൻഡ് സർക്കാർ സ്ത്രീ സംവരണം പ്രഖ്യാപിച്ചെങ്കിലും ഗോത്ര വിഭാഗ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
2017ലും സ്ത്രീകൾക്ക് 33% സംവരണം നൽകി തിരഞ്ഞെടുപ്പ് നടത്താൻ നാഗാലാൻഡ് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും വനവാസി ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ് ഇതിനെതിരായി ഉണ്ടായത്. പരമ്പരാഗത നാഗാ ആചാര നിയമങ്ങളുടെ ലംഘനമാണ് സ്ത്രീകൾക്കുള്ള സംവരണം എന്നാണ് ഗോത്ര വിഭാഗങ്ങൾ വാദിച്ചിരുന്നത്. സർക്കാരിന്റെ സ്ത്രീസംവരണ തീരുമാനത്തിനെതിരെ അന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും സർക്കാർ ഓഫീസുകൾക്ക് നേരെ ആക്രമണവും ഉണ്ടായി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ നാഗാലാൻഡ് മുഖ്യമന്ത്രി ടി ആർ സെലിയാങ് രാജിവെക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ സംഭവങ്ങളെ തുടർന്ന് ഏതാനും വനിതാ സംഘടനകൾ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരാതി നൽകി. തുടർന്ന് കഴിഞ്ഞവർഷം തിരഞ്ഞെടുപ്പുകൾ വിജ്ഞാപനം ചെയ്യാനും സ്ത്രീകൾക്ക് 33% സംവരണം നൽകാനും സുപ്രീംകോടതി നാഗാലാൻഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ജൂൺ 25 വൈകുന്നേരം മുതൽ ജൂൺ 27 വൈകുന്നേരം 7 മണി വരെ നാഗാലാൻഡിലെ വിവിധ ജില്ലകളിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post