ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നുണ്ട്. എന്നാൽ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തിൽ ഈ നീല വളയം സൂചിപ്പിക്കുന്നത് മെറ്റയുടെ എഐ ചാറ്റ് ബോട്ടിനെ ആണ്. ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയത്തിനുള്ളിൽ ഉള്ളത്.
ഇന്ത്യയിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം ഇനി മെറ്റ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടുമാസം മുൻപാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നത്. എന്നാൽ കഴിഞ്ഞദിവസം മുതലാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ ആധുനിക ഫീച്ചർ ലഭ്യമാകുന്നത്. മെറ്റയുടെ ഏറ്റവും ആധുനിക എൽഎൽഎമ്മായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് മെറ്റ എഐ ചാറ്റ്ബോട്ട് നിർമ്മിച്ചിട്ടുള്ളത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്‌വെ എന്നിവയുൾപ്പെടെ 12 ലധികം രാജ്യങ്ങളിൽ ആണ് ഇപ്പോൾ മെറ്റ എഐ ചാറ്റ്ബോട്ട് സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നത്. പുതിയ കണ്ടന്റുകൾ സൃഷ്ടിക്കാനും ഓരോ വിഷയങ്ങളിലും കൂടുതൽ ആഴത്തിലുള്ള അറിവ് കണ്ടെത്താനും തുടങ്ങി നിങ്ങൾക്ക് വേണ്ടി ഇമെയിൽ അയക്കാനും വിവിധ ഭാഷകളിൽ തർജ്ജമ നടത്താനും എല്ലാം മെറ്റ എഐ സഹായിക്കുന്നതാണ്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ മെറ്റ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ കഴിയും എന്നുള്ളതാണ് ഒരു പ്രധാന സവിശേഷത. ഉദാഹരണത്തിന് നിങ്ങൾ ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയണമെങ്കിൽ ആ പോസ്റ്റിലൂടെ തന്നെ നിങ്ങൾക്ക് മെറ്റ എഐയോട് ആവശ്യപ്പെടാൻ കഴിയുന്നതാണ്. നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുന്ന ടെസ്റ്റുകൾക്ക് അനുസരിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഇമാജിൻ ടൂളും മെറ്റ എഐയിൽ ഒരുക്കിയിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ ചിത്രങ്ങൾ സൃഷ്ടിക്കാനും ആനിമേറ്റ് ചെയ്യാനും എല്ലാം ഇതിലൂടെ സാധിക്കുന്നതാണ്. അങ്ങനെ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം വേറെ ലെവൽ ആക്കി മാറ്റുന്ന ഒരു വലിയ അത്ഭുതമാണ് ആ നീല വളയം.
Discussion about this post