ഇടുക്കി : ഇടുക്കി ജില്ലയിൽ രാത്രി യാത്രാ നിരോധനം. ഇന്ന് രാത്രി 7 മണി മുതൽ നാളെ രാവിലെ 6 മണി വരെയാണ് യാത്ര നിരോധിച്ചിട്ടുള്ളത്. കനത്ത മഴയെ തുടർന്നാണ് ഇടുക്കിയിൽ ജില്ലാ കളക്ടർ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടു.
മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കിയിൽ കനത്ത മഴ തുടരുന്നതിനാൽ ഇലക്ട്രിക് പോസ്റ്റുകളും മറ്റും തകർന്നു വീണ് അപകടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത മുൻനിർത്തിയാണ് രാത്രി യാത്ര നിരോധിച്ചിട്ടുള്ളത്. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യത ഉള്ളതായും വിലയിരുത്തുന്നുണ്ട്.
അപകടകരമായ സാഹചര്യങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനായി മുന്നറിയിപ്പുണ്ട്. ശക്തമായ മേൽക്കൂര ഇല്ലാത്തതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ സുരക്ഷയെ മുൻനിർത്തി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ് എന്നും ജില്ല കളക്ടർ അറിയിച്ചു. കൂടാതെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ ബോർഡുകൾ തുടങ്ങിയവ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും സുരക്ഷിതമാക്കണമെന്നും കളക്ടർ അറിയിച്ചു.
Discussion about this post