ലഖ്‌നൗ : ചോദ്യപേപ്പർ ചോരുന്ന സംഭവങ്ങൾ തടയുന്നതിനായി പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്ത് ബാധകമാവുന്ന തരത്തിൽ ഉത്തർപ്രദേശ് പൊതു പരീക്ഷ ഓർഡിനൻസ് 2024 എന്ന പുതിയ നിയമം അവതരിപ്പിക്കാൻ ആണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനമെടുത്തിട്ടുള്ളത്. ചോദ്യപേപ്പർ ചോർച്ച ഉണ്ടായാൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം തടവും ഒരുകോടി രൂപ വരെ പിഴയും ആണ് പുതിയ നിയമം ശുപാർശ ചെയ്യുന്നത്.
നേരത്തെ ഉത്തർപ്രദേശിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിലും ആർഒ-എആർഒ പരീക്ഷയിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആണ് കടുത്ത നിയമത്തിലേക്ക് നീങ്ങുന്നത് എന്നാണ് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കുന്നത്. പബ്ലിക് സർവീസ് റിക്രൂട്ട്മെന്റ് പരീക്ഷകൾ, പ്രമോഷൻ പരീക്ഷകൾ, ബിരുദങ്ങൾ, ഡിപ്ലോമകൾ, മറ്റു സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
വ്യാജ തൊഴിൽ വെബ്സൈറ്റുകൾ സൃഷ്ടിക്കുക, വ്യാജ ചോദ്യപേപ്പറുകൾ വിതരണം ചെയ്യുക തുടങ്ങിയവയെല്ലാം ഈ പുതിയ നിയമത്തിന്റെ കീഴിൽ കടുത്ത ശിക്ഷാ നടപടി നേരിടുന്ന വകുപ്പുകൾ ആയിരിക്കും. നിയമലംഘനം നടത്തുന്നവർക്ക് ചെയ്യുന്ന കുറ്റം അനുസരിച്ച് രണ്ടുവർഷം മുതൽ ജീവപര്യന്തം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതായിരിക്കും. കൂടാതെ പരീക്ഷകൾ തടസ്സപ്പെട്ടാൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരിൽ നിന്നും സാമ്പത്തിക നഷ്ടം ഈടാക്കാനും യോഗി സർക്കാരിന്റെ പുതിയ നിയമത്തിൽ ശുപാർശ ചെയ്യുന്നുണ്ട്.
Discussion about this post