കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ അംഗങ്ങളെക്കൂടി ജോളി കൊല്ലാൻ ശ്രമിച്ചു എന്ന് പൊലീസിന് മൊഴി. അടുത്ത ബന്ധുക്കളിൽ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛർദ്ദിച്ചുവെന്നാണ് പരാതി നൽകിയിരിക്കുന്നത്. അന്ന് രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസിൽ അന്ന് പരാതി നൽകിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോൾ മറ്റാർക്കോ വേണ്ടി ജോളി ക്വട്ടേഷൻ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങൾ പരാതി നൽകിയിരിക്കുന്നത്. പൊലീസ് ഇതിൽ അന്വേഷണം തുടങ്ങി.
ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ അച്ഛൻ ടോം തോമസിന്‍റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആദ്യം എല്ലാവർക്കും അവശത അനുഭവപ്പെട്ടപ്പോൾ, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാൻ നൽകിയപ്പോൾ ഇതിൽ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി നൽകി. അന്ന് പൊലീസ് പരാതി പരിശോധിക്കാൻ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല.
ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണ് ഇവർ എല്ലാവരും ഒരുപോലെ മൊഴി നൽകിയിരിക്കുന്നത്. അടുക്കളയിൽ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛർദ്ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലർത്തിയതെന്നാണ് ഇപ്പോൾ കുടുംബാംഗങ്ങൾ സംശയിക്കുന്നത്.
അതേസമയം ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാൻ ശ്രമിച്ചെന്ന് എസ്.പി കെ.ജി സൈമൺ പറഞ്ഞു.പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നും തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയടക്കം രണ്ടു കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനിടെ നേരത്തെ ജോളി സമ്മതിച്ചിരുന്നു. പലതവണ തവണ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞിരുന്നു.
തഹസിൽദാർ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. തഹസിൽദാരുടെ വീട്ടിൽ തനിക്ക് ജോലി ശരിയാക്കി നൽകിയത് ജോളിയെന്ന് വീട്ടുജോലിക്കാരിയായ ലക്ഷ്മി പറഞ്ഞു. ജോളിക്കായി വ്യാജ വിൽപത്രം തയ്യാറാക്കാൻ ജോളിയെ സഹായിച്ച പേരിൽ അന്വേഷണം നേരിടുന്ന തഹസിൽദാർ ജയശ്രീയുടെ വീട്ടിൽ കഴിഞ്ഞ അഞ്ച് വർഷമായി ജോലി ചെയ്യുകയാണ് ലക്ഷ്മി. അതിന് മുമ്പ് ജോളിയുടെ വീട്ടിലും ജോലിക്ക് പോയിരുന്നു.
ജോളിയും തഹസിൽദാർ ജയശ്രീയും തമ്മിൽ നല്ല ബന്ധമായിരുന്നെന്നും തഹസിൽദാരുടെ ഗൃഹപ്രവേശനചടങ്ങിലുൾപ്പെടെ ജോളി എത്തിയിരുന്നെന്നും ലക്ഷ്മി പറഞ്ഞു.ജോളി സയനൈഡ് ആവശ്യപ്പെട്ടത് താമരശേരി മുൻ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീക്ക്, അവരുടെ വളർത്തുനായയെ കൊല്ലാൻ വേണ്ടിയെന്ന് പിടിയിലായ ജൂവല്ലറി ജീവനക്കാരൻ മാത്യു വെളിപ്പെടുത്തിയിരുന്നു.
Discussion about this post