വട്ടിയൂര്‍ക്കാവില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വി.കെ പ്രശാന്ത് എന്ന പിന്നോക്കക്കാരന് വിജയിച്ചത് പ്രതീക്ഷ നല്‍കുന്നുവെന്ന് ബിഡിജെഎസ് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്. മുഖ്യമന്ത്രിയും, വികെ പ്രശാന്തും കൈകോര്‍ത്ത് നില്ക്കുന്ന ഫോട്ടോ സഹിതമാണ് കുറിപ്പ്. പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും, മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയര്‍ത്തി നില്ക്കുന്ന ഈ കാഴ്ച, കേരളത്തില്‍ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്. എന്നാണ് പോസ്റ്റ്.
പോസ്റ്റ് വിവാദമായതിന് പിറകെ പേജില്‍ നിന്ന് അപ്രത്യക്ഷമായി. വൈകാതെ തുഷാറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ആള്‍ക്ക് പറ്റിയ പിശകാണെന്ന വിശദീകരണവും പ്രത്യക്ഷപ്പെട്ടു.അശ്രദ്ധ കാരണം അത്തരമൊരു പോസ്റ്റ് ഫേസ്ബുക്ക് പേജില്‍ വന്നു എന്ന് കാണിച്ച് കിരണ്‍ ചന്ദ്രന് എന്നയാളാണ് വിശദീകരണ കുറിപ്പ് ഇട്ടത്.
”അദ്ദേഹത്തിന്റേയോ പാര്‍ട്ടിയുടേയോ നിലപാടിന് വിരുദ്ധമായ ആ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ശ്രീ തുഷാര്‍വെള്ളാപ്പള്ളിയോടും,
ബി.ഡി.ജെ.എസിനോടും,മുഴുവന്‍ പ്രവര്‍ത്തകരോടും,അഭ്യൂദയകാംക്ഷികളോടും ഞാന്‍ നിരുപാധികം മാപ്പ് അഭ്യര്‍ത്ഥിക്കുന്നു.എന്‍.ഡി.എ മുന്നണിയില്‍ തുടക്കം മുതല്‍ ഉറച്ചുനില്‍ക്കുന്ന ബി.ഡി.ജെ.എസിന് ആ നിലപാടില്‍ ഇതുവരേയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.മാനുഷിക പരിഗണന നല്കി അറിയാതെ എനിക്ക് പറ്റിപ്പോയ അബദ്ധത്തിന് എല്ലാവരും സദയം ക്ഷമിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.”-എന്നിങ്ങനെയാണ് വിശദീകരണം.
https://www.facebook.com/ThusharVellappallyofficial/photos/a.300317560117258/1643449899137344/?type=3&theater
Discussion about this post