ഡൽഹി: സിഖ് ജനതയുടെ വർഷങ്ങളായുള്ള പ്രാർത്ഥന യാഥാർത്ഥ്യമാകുന്നു. ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പുരിൽ നിർവ്വഹിക്കും. തുടർന്ന് ആദ്യ ഇന്ത്യൻ പ്രതിനിധി സംഘം ഇടനാഴി താണ്ടി കർതാർപുരിലേക്ക് പോകും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, നവജോത് സിംഗ് സിദ്ദു, സണ്ണി ഡിയോൾ എം പി തുടങ്ങിയവർ സംഘത്തിലുണ്ടാകും.
ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരിൽ നിന്ന് ആദ്യം ദിനം ഫീസ് വാങ്ങില്ലെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. പ്രതിദിനം അയ്യായിരം തീർത്ഥാടകർക്ക് പ്രവേശനാനുമതി നൽകാൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ധാരണയായിട്ടുണ്ട്.
സിഖ് മതാചാര്യനായ ഗുരുനാനാക്കിന്റെ സമാധിസ്ഥലമാണ് കർതാർപുർ ഗുരുദ്വാര. വിഭജനാനന്തരം ഈ പ്രദേശം പാകിസ്ഥാനിൽ ഉൾപ്പെടുകയായിരുന്നു. സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ ഇവിടേക്ക് ഇന്ത്യയിൽ നിന്ന് ഒരു പാത വേണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ പൂർത്തീകരിക്കപ്പെടുന്നത്. സിഖ് വിശ്വാസികളോടുള്ള വാഗ്ദാനപാലനം തന്റെ കർത്തവ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post