തിരുവനന്തപുരം: ഭാരതത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് വഴിതെളിക്കുന്ന ചരിത്ര വിധിയാണ് അയോധ്യ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച് ആരും ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നും പ്രകോപനപരമായ നീക്കങ്ങളിലൂടെ വിഭാഗീയത സൃഷ്ടിക്കുന്ന നീക്കങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവിധ വിഷയങ്ങളില്‍ വ്യത്യസ്തവും വിഭിന്നവുമായ നിലപാടുകള്‍ ഉള്ളവര്‍ അയോധ്യ വിധിയെ സ്വാഗതം ചെയ്തു കാണുന്നത് വളരെയേറെ ആശ്വാസകരമാണ്. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകത്തിന്റെ ഉദാത്തമായ ധാര്‍മ്മിക മൂല്യങ്ങളാണ് ഈ അവസരത്തില്‍ നമുക്ക് കരുത്ത് പകരുന്നത്. രാഷ്ട്രത്തിന്റെ പൊതു നന്മയും വളര്‍ച്ചയും കാംക്ഷിക്കുന്നവരും ശാന്തിയും സമാധാനവും ജനാധിപത്യ മര്യാദകളും പുലരണമെന്ന് ആഗ്രഹിക്കുന്നവരും ഈ വിധിയോട് ക്രിയാത്മകമായി പ്രതികരിച്ചു കാണുന്നത് ഒട്ടേറെ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം. ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകളും അവകാശവാദങ്ങളുമല്ല ഈ അവസരത്തില്‍ ആവശ്യം. സഹവര്‍ത്തിത്വത്തിനും പരസ്പര വിശ്വാസത്തിനും ഐക്യത്തിനും വഴിയൊരുക്കുന്നതിനുള്ള അവസരമായി ഈ വിധി മാറണം.പുരാവസ്തുക്കളുടെ തെളിവിന്റെ പിന്‍ബലത്തിലാണ് ഈ വിധി പ്രഖ്യാപിച്ചത്. വളരെ വിശ്വസനീയമായും സമയബന്ധിതമായും ചിട്ടയോടെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post