ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാരിന്‍റെ നിലപാട് നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സര്‍ക്കാരിനെന്നും പുന്നല ശ്രീകുമാര്‍ തുറന്നടിച്ചു.
2007 ൽ വിഎസ് അച്യുതാനന്ദൻ സര്‍ക്കാറും പിണറായി സര്‍ക്കാരും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ യുവതീ പ്രവേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഉള്ളത്. അത്തരം ഒരു നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് തൽക്കാലം യുവതികളെ ശബരിമലയിൽ കയറ്റേണ്ടതില്ലെന്ന നിലപാട് മാറ്റത്തിലേക്ക് എത്തുന്നത് . നവോത്ഥാന മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം തീരുമാനങ്ങളെന്നും പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി.
പരിഷ്കരണ ആശയങ്ങളെ പുറകോട്ട് അടിക്കാനെ ഇത്തരം തീരുമാനങ്ങൾ ഉപകരിക്കു. സര്‍ക്കാറും സിപിഎം അടക്കം സംഘടനാ നേതൃത്വവും നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും പുന്നല ശ്രീകുമാര്‍.
യുവതീ പ്രവേശന വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുകയും പഴയ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഹര്‍ജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട് ഇതിനെതിരെയാണ് പുന്നലയുടെ പ്രതികരണം.
Discussion about this post