കോഴിക്കോട്: സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അയോധ്യ-ശബരിമല വിധികളിലാണ് കാരാട്ട് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നുവെന്ന് കാരാട്ട് പറയുന്നു. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ‘സുപ്രീം കോടതിയില്‍ സംഭവിക്കുന്നതെന്ത്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കാരാട്ടിന്റെ വിമര്‍ശം.
അയോധ്യാകേസ് വിധി, ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചത്, ഇലക്ടറല്‍ ബോണ്ട് തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എക്സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് ഉറപ്പാണെന്ന് കാരാട്ട് പറയുന്നു.
‘അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്കുകയും ചെയ്യും’ കാരാട്ട് പറയുന്നു.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരെയും കാരാട്ട് വിമര്‍ശമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
Discussion about this post