രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 16 ന് നടന്നേക്കും. വധശിക്ഷ നടപ്പാക്കുന്നതിനായി രണ്ട് ആരാച്ചാര്‍മാരുടെ സേവനം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ അധികാരികള്‍ക്ക് കത്തയച്ചു
ആരാച്ചാര്‍മാരെ നല്‍കണമെന്ന് ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്തു ലഭിച്ചതായി യുപി ജയില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ അനന്ത് കുമാര്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ ഒമ്പതിനാണ് കത്തു ലഭിച്ചത്. എന്നാല്‍ ഏതുകേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാനാണ് ആരാച്ചാര്‍മാരെ ആവശ്യപ്പെട്ടതെന്നും, എന്നാണ് ശിക്ഷ നടപ്പാക്കുന്നതെന്നും കത്തിലില്ലെന്ന് അനന്ത് കുമാര്‍ പറഞ്ഞു.
ആരാച്ചാര്‍മാര്‍ ഏതു നിമിഷവും പൂര്‍ണ്ണസജ്ജരായിരിക്കാനും തീഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുപി ജയില്‍ വകുപ്പിന് കീഴില്‍ രണ്ട് ആരാച്ചാര്‍മാരാണുള്ളത്. ഒരാള്‍ ലക്‌നൗവിലും മറ്റേയാള്‍ മീററ്റിലുമാണെന്നും ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു.
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ തന്നെ പ്രതികളുടെ ശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
Discussion about this post