ഓസ്‌ട്രേലിയയിലെ അഗ്‌നിബാധ തടയാനുള്ള ധനസമാഹരണത്തിനു വേണ്ടി നടത്തുന്ന പ്രദര്‍ശന മത്സരത്തില്‍ ടെന്നീസ് ഇതിഹാസങ്ങളായ റോജര്‍ ഫെഡററും സെറീന വില്യംസും പങ്കെടുക്കും. ഇവരോടൊപ്പം മറ്റു പല പ്രശസ്ത താരങ്ങളും മത്സരത്തിനെത്തും.
ജനുവരി പതിനഞ്ചിന് മെല്‍ബണിലെ റോഡ് ലാവര്‍ അരീനയില്‍ നടക്കുന്ന രണ്ടര മണിക്കൂര്‍ സൗഹൃദ മത്സരങ്ങളില്‍, സമാഹരിക്കപ്പെടുന്ന മുഴുവന്‍ ധനവും ദുരന്ത നിവാരണ സംഘടനകള്‍ക്ക് നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ടിക്കറ്റിന് മുപ്പത്തേഴ് ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പത്ത് മില്യണ്‍ ഹെക്ടറില്‍ പടര്‍ന്നു പിടിച്ച അഗ്‌നിബാധയില്‍ ആയിരത്തിലധികം വീടുകളും അഞ്ഞൂറ് മില്യണിലധികം വന്യജീവികളും ഇതുവരെ കത്തിനശിച്ചു കഴിഞ്ഞു.അഗ്‌നിബാധയേറ്റ സ്ഥലത്തിന്റെ വിസ്തൃതി നോക്കിയാല്‍ ഉത്തരകൊറിയയുടെ ഭൂവിഭാഗത്തിലുമധികം വരും ഇത്.












