യുവതാരം വൈഭവ് സൂര്യവംശിയുടെ വരവോടെ സഞ്ജു സാംസന്റെ ടീമിലെ സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകളിൽ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ താരം അഞ്ജും ചോപ്ര. പുതിയ താരങ്ങൾ എത്തുമ്പോൾ നിലവിലുള്ള കളിക്കാർ പെട്ടെന്ന് ഒഴിവാക്കപ്പെടേണ്ടവരല്ലെന്നും, സഞ്ജു സാംസണെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണമെന്നും അവർ വ്യക്തമാക്കി. ടീമിൽ കടുത്ത മത്സരമുണ്ടെങ്കിലും സഞ്ജുവിനെപ്പോലെയുള്ള സീനിയർ താരങ്ങളുടെ പ്രയത്നവും മൂല്യവും തിരിച്ചറിയേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വൈഭവ് സൂര്യവംശി മികച്ച പ്രതിഭയാണെന്നും ഇന്ത്യൻ സെറ്റപ്പിൽ താരം സജീവമായി തുടരുമെന്നും വ്യക്തമാക്കിയ അഞ്ജും ചോപ്ര, അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിംഗ് തുടങ്ങിയവരും വലിയ കഠിനാധ്വാനത്തിലൂടെയാണ് അവസരങ്ങൾ നേടിയെടുത്തതെന്ന് ഓർമ്മിപ്പിച്ചു. രോഹിത് ശർമ്മയുടെ വിരമിക്കൽ ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്, അക്കാര്യം പൂർണ്ണമായും താരങ്ങളുടെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു അവരുടെ മറുപടി. സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ ലെജൻഡുകൾ തങ്ങളുടെ മനോഹരമായ ബാറ്റിംഗിലൂടെ കളിക്ക് കൂടുതൽ സൗന്ദര്യം പകരുന്നവരാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ വനിതാ ടീമിന്റെ ഏഷ്യൻ കപ്പ് വിജയത്തെയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീ ചരണിയുടെ വളർച്ചയെയും അവർ പ്രശംസിച്ചു. ഇംഗ്ലണ്ടിലെ മികച്ച പ്രകടനവും ലോകകപ്പിലെ വിക്കറ്റ് വേട്ടയും ചൂണ്ടിക്കാണിച്ച അഞ്ജും ചോപ്ര, സ്ഥിരതയാർന്ന പ്രകടനമാണ് ഒരു താരത്തെ അന്താരാഷ്ട്ര തലത്തിൽ മികച്ചതാക്കുന്നതെന്നും വ്യക്തമാക്കി.












