ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ പരസ്യമായി പിന്തുണച്ചതിൽ മുൻ ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് കടുത്ത അമർഷമുണ്ടായിരുന്നതായി റിപ്പോർട്ട്. ബി.സി.സി.ഐയും അഗാർക്കറും തമ്മിലുള്ള ബന്ധം വഷളാകാൻ പ്രധാന കാരണം രോഹിത് ശർമ്മയാണെന്നാണ് പി.ടി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
2027-ലെ ഏകദിന ലോകകപ്പിൽ രോഹിതിന് 40 വയസ്സ് തികയുമെന്നതിനാൽ അദ്ദേഹത്തെ ഒഴിവാക്കി മുന്നോട്ട് പോകാൻ അഗാർക്കറും ചില ബി.സി.സി.ഐ ഉദ്യോഗസ്ഥരും ടീം മാനേജ്‌മെന്റിന്റെ പിന്തുണയോടെ തീരുമാനിച്ചിരുന്നു. ഈ വിവരം രോഹിത് ശർമ്മയെ അറിയിക്കാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ സൗത്ത് സോൺ സെലക്ടർ പ്രഗ്യാൻ ഓജയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു
ലോകകപ്പിന് മുൻപ് യശസ്വി ജെയ്‌സ്വാളിന് ഏകദേശം 20 മത്സരങ്ങളിൽ അവസരം നൽകാനായിരുന്നു അഗാർക്കർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സെലക്ടർമാരുടെ തീരുമാനത്തിലും ആ കാലയളവിൽ തന്നോട് പെരുമാറിയ രീതിയിലും രോഹിത് ശർമ്മ അസംതൃപ്തനായിരുന്നു. അതേസമയം അജിത് അഗാർക്കർ ചീഫ് സെലക്ടർ സ്ഥാനം ഒഴിയുമെന്ന് ബി.സി.സി.ഐയെ അറിയിച്ചതിനെ തുടർന്ന് പുതിയ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ ബോർഡ് ആരംഭിച്ചു. ഒക്ടോബർ 4-ന് അഗാർക്കറുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആളെ കണ്ടെത്താനുള്ള നീക്കം. മുംബൈയിൽ നടന്ന ബി.സി.സി.ഐയുടെ 95-ാമത് വാർഷിക പൊതുയോഗത്തിലാണ് (എ.ജി.എം) ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്. സെലക്ഷൻ കമ്മിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഓഫീസ് ഭാരവാഹികളെ യോഗം ചുമതലപ്പെടുത്തി.
അഞ്ച് പുതിയ ജൂനിയർ സെലക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ അടുത്ത 10-15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. ഇതിനായി ധാരാളം അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം ക്രിക്കറ്റ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് കോച്ചായി സുഭദീപ് ഘോഷിനെ താൽക്കാലികമായാണ് നിയമിച്ചിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും തുടർതീരുമാനമെന്നും സൈകിയ അറിയിച്ചു.












