ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും വേൾഡ് ഇലവനും തമ്മിൽ ഒരു ചരിത്ര മത്സരത്തിന് കളമൊരുങ്ങുന്നു. 2028-ലാണ് ബോർഡിന്റെ ശതാബ്ദി വർഷം എത്തുന്നതെങ്കിലും, 2027 ഡിസംബർ മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷങ്ങൾക്കാണ് മുംബൈയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ (എ.ജി.എം) തുടക്കം കുറിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി ഒക്ടോബർ 21 മുതൽ നവംബർ 19 വരെ നടക്കുന്ന ടി20 ലോകകപ്പിന് ശേഷമായിരിക്കും ഈ ചരിത്ര മത്സരം നടക്കുകയെന്നാണ് ക്രിക്കറ്റ് കലണ്ടർ സൂചിപ്പിക്കുന്നത്.
എന്നാൽ 2028 ഡിസംബറിൽ ഓസ്ട്രേലിയയിൽ വെച്ച് അടുത്ത ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയും നടക്കാനിരിക്കുന്നതിനാൽ ലൊജിസ്റ്റിക്സ്പരമായി ചില സമയപരിമിതികൾ ഉണ്ടായേക്കാം. ശതാബ്ദി ആഘോഷങ്ങളുടെയും ഇന്ത്യ-വേൾഡ് ഇലവൻ മത്സരത്തിന്റെയും മേൽനോട്ടത്തിനായി പ്രത്യേക സമിതി രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം. ചരിത്രത്തിൽ ഇതുവരെ ഇന്ത്യ ഒരു വേൾഡ് ഇലവൻ ടീമിനെതിരെ കളിച്ചിട്ടില്ല എന്നത് ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.
കരീബിയൻ തീരങ്ങളിൽ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങൾക്ക് ശേഷം സ്റ്റേഡിയങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള ജീവകാരുണ്യ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി 2018 മെയ് മാസത്തിൽ ലോർഡ്സിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് വേൾഡ് ഇലവൻ അവസാനമായി കളിച്ചത്.












