പൂനെ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോക കുറ്റവാളിയായിരുന്ന കരിം ലാലയെ കാണാൻ മുംബൈയിൽ വന്നിരുന്നെന്ന് വെളിപ്പെടുത്തലുമായി മുതിർന്ന ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത്. ശിവസേന മുഖപത്രമായ സാമ്നയുടെ എക്സിക്യുട്ടിവ് എഡിറ്റർ കൂടിയായ റാവുത്ത് തന്റെ ആദ്യകാല പത്രപ്രവർത്തന അനുഭവങ്ങളുടെ ഓർമകൾ ഒരു മാധ്യമ അഭിമുഖത്തിൽ പങ്കുവയ്ക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി തുടങ്ങിയവരാണ് മുംബൈ മഹാനഗരത്തെയും പ്രാന്തപ്രദേശങ്ങളെയും ഒരുകാലത്ത് നിയന്ത്രിച്ചിരുന്നത്. മുംബൈ പൊലീസ് കമ്മിഷണറുടെ നിയമനം, ആരായിരിക്കണം സർക്കാരിനു നേതൃത്വം നൽകേണ്ടത് എന്നിവയടക്കമുള്ള കാര്യങ്ങൾ അവർ നിശ്ചയിച്ചിരുന്ന കാലമുണ്ടായിരുന്നു. ഹാജി മസ്താൻ മുംബൈയിലെ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ വരാറുണ്ടായിരുന്നു. ജീവനക്കാർ ഒന്നടക്കം മസ്താനെ കാണാൻ തടിച്ചുകൂടുമായിരുന്നു. ദക്ഷിണ മുംബൈയിലെ പൈഥുണിയിലെ കരിംലാലയുടെ വസതിയിലാണ് ഇന്ദിരാഗാന്ധി സന്ദർശനം നടത്തിയിരുന്നത് – സഞ്ജയ് റാവുത്ത് പറഞ്ഞു. എന്നാൽ, എന്തിനായിരുന്നു സന്ദർശനമെന്നതടക്കം കൂടുതൽ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചില്ല.
കാലങ്ങളോളം അധോലോക കുറ്റവാളികളാണ് മുംബൈയിൽ അരങ്ങുവാണിരുന്നതെന്നും എന്നാൽ, ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും റാവുത്ത് പറഞ്ഞു. ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക കുറ്റവാളികളുടെ ചിത്രങ്ങൾ താൻ പകർത്തിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. താന്‍ ദാവൂദിനെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്, താക്കീതും ചെയ്തിട്ടുണ്ടെന്ന് അഭിമുഖത്തിൽ റാവുത്ത് അവകാശപ്പെട്ടു.
അതേസമയം ശിവസേനയും കോണ്‍ഗ്രസും എൻസിപിയും ചേർന്നുള്ള മഹാ വികാസ് അഘാഡിയുടെ ശിൽപികളിലൊരാളായ സഞ്ജയ് റാവുത്തിന്റെ അഭിപ്രായപ്രകടനത്തോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.1960 – 1980 കാലഘട്ടത്തിലാണ് മുംബൈ അധോലോകത്ത് കരിംലാല കരുത്തനായിരുന്നത്. കള്ളക്കടത്ത്, ഭീഷണിപ്പെടുത്തി പണംതട്ടൽ, ചൂതാട്ടം, മദ്യക്കച്ചവടം എന്നീ രംഗങ്ങളിൽ കുപ്രസിദ്ധനായിരുന്നു. 2002-ൽ ഇയാൾ മരിച്ചു.
Discussion about this post