തിരുവനന്തപുരം :സിഎഎ വിരുദ്ധരില്‍ നിന്നുള്ള അക്രമസാധ്യത പരിഗണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേരള പോലിസ് മേധാവിയുടെ നിര്‍ദേശം. നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് തീരുമാനം.
സംസ്ഥാനത്തിനകത്തും സുരക്ഷ വര്‍ധിപ്പിക്കും. സെഡില്‍നിന്ന് സെഡ് പ്ലസിലേക്ക് മാറുമ്പോള്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം ഏകദേശം രണ്ടിരട്ടിയാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴുള്ള സുരക്ഷ വര്‍ധിക്കും. കൂടുതല്‍ വാഹനങ്ങള്‍ അകമ്പടിയായി ഉണ്ടാകും. സുരക്ഷയുടെ ഗുണമേന്‍മ വര്‍ധിക്കും.
ആരിഫ് മുഹമ്മദ് ഖാന് നിലവില്‍ സെഡ് വിഭാഗം സുരക്ഷയായതിനാല്‍ സംസ്ഥാനത്തിന് പുറത്തു പോകുമ്പോള്‍ സുരക്ഷ കുറയുന്ന സാഹചര്യമുണ്ട്. സെഡ് പ്ലസിലേക്ക് ഉയര്‍ത്തിയാല്‍ പുറത്തു പോകുമ്പോഴും കര്‍ശന സുരക്ഷ ഉറപ്പാക്കാനാകും.ഗവര്‍ണര്‍ക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യന്‍ നേവിയില്‍നിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാര്‍.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലും മാറ്റമുണ്ടാകും. സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് സുരക്ഷയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. സെഡ് പ്ലസ് വിഭാഗത്തിലുണ്ടാകുന്ന സുരക്ഷാ ഭടന്‍മാരുടെ എണ്ണമോ വിന്യാസത്തിന്റെ രീതിയോ വെളിപ്പെടുത്താനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post