ഇന്ത്യയുടെ ഇറക്കുമതി നിരോധനത്തിന്റെ ഭാഗമായി മലേഷ്യയിൽ നിന്ന് കച്ചവടത്തിന് എത്തിച്ച ഓയിൽ ലോഡ് ഇന്ത്യയുടെ തുറമുഖങ്ങളിൽ കെട്ടികിടക്കുന്നു. കൽക്കട്ടയിലും മംഗലാപുരത്തും അടക്കം ഇന്ത്യയുടെ പല തുറമുഖങ്ങളിലായി ഏതാണ്ട് മുപ്പതിനായിരം ടൺ പാമോയിൽ ആണ് കെട്ടിക്കിടക്കുന്നത്. മലേഷ്യൻനിർമിത വസ്തുക്കളുടെ ഏഴാമത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.അവർ ഉൽപാദിപ്പിക്കുന്ന പാമോയിലിന്റെ 24% ഇന്ത്യയാണ് വാങ്ങുന്നത്.2014-ൽ മോഡി ഭരണകൂടം വന്നതിനുശേഷം മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി ത്വരിതപ്പെടുത്തി യിരുന്നു.2018 ൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരുന്ന 650,000 ടണ്ണിൽ നിന്ന് മലേഷ്യയുടെ ശുദ്ധീകരിച്ച പാം ഓയിൽ കയറ്റുമതി, 2019-ൽ ഏകദേശം 2.66 ദശലക്ഷം ടണ്ണായി ഉയർന്നു.ഇതിന്റെ കടയ്ക്കലാണ് കൃത്യമായി കേന്ദ്ര സർക്കാർ കത്തിവച്ചത്.
കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ലെങ്കിലും, ഇറക്കുമതി ഇന്ത്യ അൽപം കുറച്ച്, 2018 -ലേതിന് തുല്യമാക്കിയാൽ പോലും രണ്ട് മില്യൺ ടൺ എണ്ണ ഉത്പന്നങ്ങൾ വാങ്ങാൻ മലേഷ്യ വേറെ ആളെ നോക്കേണ്ടി വരും.ഇതുണ്ടാക്കുന്ന നഷ്ടം മാത്രം 1.4 ബില്യൺ ഡോളറായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉൽപാദകരാണ് ഇന്തോനേഷ്യ.അവർക്ക് പാം ഓയിൽ ഉപയോഗിക്കുന്ന പല രാജ്യങ്ങളുടെ വിപണിയിലും വലിയ പങ്കുണ്ട്. ഒരിക്കൽ,അവർ മലേഷ്യയേക്കാൾ കുറഞ്ഞ വിലയ്ക്ക് പാം ഓയിൽ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.എന്നാൽ, അടുത്തിടെ മലേഷ്യൻ കയറ്റുമതി വില ഇന്തോനേഷ്യൻ നിരക്കിനേക്കാൾ കുറച്ചിരുന്നു.മലേഷ്യൻ പാം ഓയിൽ വാങ്ങുന്നവർ വിപണിയിൽ നിന്നും കൂട്ടമായി പിൻവാങ്ങിയതിനെ തുടർന്ന് വില കുറയ്ക്കാൻ അവർ നിർബന്ധിതരായതാണ് കാരണം.












