സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബിക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇലക്ട്രിസിറ്റി ബോർഡ് വെറുമൊരു ‘ചതിയൻ ചന്തു’വായി മാറിയിരിക്കുകയാണെന്നും ശമ്പളം വാങ്ങുന്ന വെള്ളാനയായി ഉദ്യോഗസ്ഥർ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോർഡിന്റെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയുമാണ് ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
“അതിനകത്തിരുന്ന് ഉദ്യോഗസ്ഥർ കനത്ത ശമ്പളം വാങ്ങുന്നുണ്ട്. വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും വൈദ്യുതി കുറവാണെന്നും എല്ലാവർക്കുമറിയാം. എന്നാൽ ഈ ക്ഷാമം പരിഹരിക്കാൻ കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ പുതിയ പദ്ധതികൾ കൊണ്ടുവരണ്ടേ?” എന്ന് വെള്ളാപ്പള്ളി ചോദിച്ചു. സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ബോർഡിന് തിരികെ നൽകിയവർക്ക് അർഹമായ തുക നൽകുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ പ്ലാനിങ് ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
സോളാർ ഫിക്സ് ചെയ്ത് കറന്റ് സപ്ലൈ ചെയ്തവന് കാശുമില്ല, ജനങ്ങൾക്ക് വൈദ്യുതിയും ഇല്ല എന്ന അവസ്ഥയാണ്. കെഎസ്ഇബി ഒരു ഉപഭോക്തൃ സൗഹൃദ സ്ഥാപനമല്ലാതായി മാറിയെന്നും ഉദ്യോഗസ്ഥർക്കും ബോർഡിനും സ്വന്തം നേട്ടത്തിൽ മാത്രമാണ് താൽപ്പര്യമെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി നിരക്ക് വർധനവിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ വെള്ളാപ്പള്ളി നടത്തിയ ഈ പ്രസ്താവന വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്.












