പാലക്കാട്: കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിധിയില്‍വരുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ അധികാരം സുപ്രിം കോടതി തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
പലവിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്ത് തര്‍ക്കങ്ങളുണ്ടായാലും ഭരണഘടനയുടെ നിയമങ്ങളനുസരിച്ച് നീങ്ങണം. ഭരണഘടനയിലെ നിയമങ്ങള്‍ പാലിക്കാതിരിക്കുമ്പോഴാണ് തര്‍ക്കങ്ങളുണ്ടാകുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. നിയമസഭയുടെ പരിധിയ്ക്ക് പുറത്തുള്ള വിഷയമാണ് പൗരത്വം. നിയമം സസ്‌പെന്‍ഢ് ചെയ്തിട്ട് വേണമായിരുന്നു പ്ര മേയം പാസാക്കാന്‍. ഭരണടഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് തന്റെ കടമ. അത് നിര്‍വഹിക്കും. രാഷ്ട്രപതി ഒപ്പുവെച്ച നിയമം സംരക്ഷിക്കല്‍ തന്റെ കടമയാണ്. താന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയല്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ജനാധിപത്യത്തില്‍ എല്ലാം പരസ്പരം സംസാരിച്ച് പരിഹരിക്കണം. ഒരു വീട്ടില്‍ സഹോദരനും സഹോദരിയുമുണ്ടെങ്കില്‍ അവര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകും. അതെല്ലാം സംസാരിച്ച് പരിഹരിക്കാം. രാജ്ഭവന് മുന്നില്‍ പ്രതിഷേധവുമായെത്തിയവരെ താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. അവരാരും വന്നില്ല അദ്ദേഹം പറഞ്ഞു. നിലവിലെ തര്‍ക്കങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു.
പലകാര്യങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാവാം. ജനാധിപത്യത്തില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ തയ്യാറാകണം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയുമായി മാത്രമല്ല, ആരുമായും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ദേശസ്‌നേഹമുള്ളവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം താന്‍ കണ്ടിട്ടില്ല. ഭരണഘടനാ പരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post