തെലുങ്ക് ഹാസ്യനടൻ അലി ഉടൻ തന്നെ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമെന്ന വാർത്ത ശക്തമാകുന്നു.ബിജെപിയുടെ ഡൽഹി ഓഫീസിൽ, ടോളിവുഡിലെ ഹാസ്യനടൻ പ്രത്യക്ഷപ്പെട്ടതോടെയാണ് ബിജെപിയിൽ ചേരാൻ പോകുന്നെന്ന അഭ്യൂഹങ്ങൾക്കു ബലമേറിയത്.പാർട്ടിയിൽ ചേരാനുള്ള തീരുമാനത്തിന്റെ ഭാഗമായി അലി, ചില മുതിർന്ന ബിജെപി നേതാക്കളെ കാണാൻ പോയതാണെന്നാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത.മോദിയെ കണ്ട് പാർട്ടിയിൽ ചേരാനുള്ള താൽപര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറെ കാണാനാണ് അലി പോയതെന്നാണ് അവരുടെ വാദം.ടോളിവുഡിലെ പ്രശസ്ത നടനായ പവൻ കല്യാണിന്റെ വലതുപക്ഷ ചായ്‌വും ഈയിടെയായി മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
ഇക്കഴിഞ്ഞ 2019 ലെ തിരഞ്ഞെടുപ്പ് വരെ ടിഡിപിയുടെ ഒരു കടുത്ത അനുഭാവിയായിരുന്നു അലി.പക്ഷേ,തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അദ്ദേഹം വൈ.എസ്ആർസിപിയിൽ ചേരുകയുണ്ടായി.ടിഡിപി ,അലിയ്ക്കു പറഞ്ഞു വച്ചിരുന്ന രാജമുന്ധ്രിയിലെ സീറ്റ്,ഗോരന്തല ബുക്കയ്യയ്ക്കു കൊടുത്തതിനെ തുടർന്നാണ് അലി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.പവൻ കല്യാൺ തന്റെ ജനസേനയുടെ വലതുപക്ഷ ചായ്‌വ് വ്യക്തമായി പ്രഖ്യാപിക്കുകയും ,അലിയെ തന്നോടൊപ്പം ചേരാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.ഇങ്ങനെയൊരു സാഹചര്യത്തിൽ അലി ഏതു നിമിഷവും വലതു പക്ഷ രാഷ്ട്രീയം സ്വീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.








