ഭീതി പരത്തിക്കൊണ്ട് കൊറോണ ബുധനാഴ്ച പശ്ചിമേഷ്യയിലും സ്ഥിരീകരിച്ചു. യു.എ.ഇയിലെ ആരോഗ്യ മന്ത്രാലയമാണ് മാധ്യമങ്ങളോട് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നുമെത്തിയ ഒരു കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത് എന്ന് ഔദ്യോഗിക വക്താക്കൾ വെളിപ്പെടുത്തി.
രോഗബാധയേറ്റവർ ഗുരുതരാവസ്ഥയിലല്ലെന്നും, പക്ഷേ, ഇപ്പോഴും നിരീക്ഷണത്തിലാണെന്നും അറിയിച്ച ആരോഗ്യ മന്ത്രാലയം, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ചികിത്സയിൽ പുലർത്തുന്നുണ്ടെന്നും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.











