വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ മഡഗാസ്കറിന് സഹായമെത്തിക്കുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ. ചുഴലിക്കാറ്റിലും അതേ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉഗ്ര നാശം നേരിട്ട മഡഗാസ്കറിലേക്കുള്ള അടിയന്തര സാമഗ്രികളുമായി ഇന്ത്യയുടെ ഐ.എൻ.എസ് ഐരാവത് എന്ന കപ്പൽ പുറപ്പെട്ടു. ഏതാണ്ട് 92, 000 പേരെ ഈ പ്രകൃതി ദുരന്തങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.മഡഗാസ്കർ പ്രസിഡണ്ട് അന്താരാഷ്ട്ര പിന്തുണ അഭ്യർത്ഥിച്ചിരുന്നു.
വസ്ത്രങ്ങൾ, അടിയന്തര വൈദ്യസഹായം സാമഗ്രികൾ, ഭക്ഷണം, താൽക്കാലിക ടെന്റുകൾ, അത്യാവശ്യ ഗതാഗതത്തിന് നാലു വലിയതും രണ്ടു ചെറിയതുമായ ബോട്ടുകൾ എന്നിവയടങ്ങിയ ഇന്ത്യയുടെ കപ്പൽ ബുധനാഴ്ച വൈകിട്ടോടെ മഡഗാസ്കറിലെ ആൻസിറനാന തുറമുഖത്ത് എത്തും.











