ബോഡോ തീവ്രവാദികളുമായി കേന്ദ്ര, ആസ്സാം സംസ്ഥാന സർക്കാരുകൾ ഒപ്പിട്ട സമാധാന പ്രമേയം, ചരിത്രപരമായ നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 27 തിങ്കളാഴ്ചയാണ് ഇരു സർക്കാറുകളും ബോഡോ തീവ്രവാദികളുടെ പ്രതിനിധികളും ചേർന്ന് സമാധാന സന്ധി ഒപ്പിട്ടത്. ഇതിന്റെ ഫലമായി 1500ലധികം തീവ്രവാദികൾ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും പാത വെടിഞ്ഞ് ജനാധിപത്യത്തിൽ വിശ്വസിച്ചു കൊണ്ടുള്ള ബോഡോ തീവ്രവാദികളുടെ മനം മാറ്റത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ബോഡോ കലാപങ്ങളുടെയും തീവ്രവാദ പ്രവർത്തനങ്ങളുടെ ഫലമായി ഇതുവരെ ഇന്ത്യയിൽ 4000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. അതുകൊണ്ടുതന്നെ ഇതൊരു ചരിത്രപരമായ സംഭവമാണെന്നും, ആസാമിന്റെ ചരിത്രത്തിൽ, 50 വർഷത്തെ കാത്തിരിപ്പിനുശേഷം രേഖപ്പെടുത്തിയ സമാധാനത്തിന്റെയും വികസനത്തിന്റെയും ഐക്യത്തിന്റെയും പുതിയ അധ്യായമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.









