ഇനിമുതൽ ഭക്ഷണം മാത്രമല്ല, നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന സോപ്പും ഷാമ്പൂവും ടൂത്ത് പേസ്റ്റും വെജിറ്റേറിയനാണോ അതോ നോൺ വെജിറ്റേറിയനാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാം. സോപ്പുകൾ, ഷാമ്പൂകൾ, ടൂത്ത് പേസ്റ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ (Cosmetics), ടോയ്‌ലറ്ററികൾ എന്നിവയുടെ പാക്കറ്റുകളിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ചിഹ്നങ്ങൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ ഉറവിടം എളുപ്പത്തിൽ മനസ്സിലാക്കി വാങ്ങാൻ സഹായിക്കുന്നതിനാണ് ഈ നിർണ്ണായക നടപടി.
കേന്ദ്ര സർക്കാർ ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടങ്ങൾ, 2011 ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. തിങ്കളാഴ്ച മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. സസ്യനിർമ്മിതമായ (Vegetarian) ഉൽപ്പന്നങ്ങൾക്ക് പച്ച കുത്തും (Green Dot), മൃഗക്കൊഴുപ്പ് അല്ലെങ്കിൽ ജന്തുജന്യ ഘടകങ്ങൾ അടങ്ങിയ (Non-Vegetarian) ഉൽപ്പന്നങ്ങൾക്ക് ചുവപ്പോ തവിട്ടോ നിറത്തിലുള്ള കുത്തും (Red/Brown Dot) പാക്കറ്റുകളിൽ പതിപ്പിക്കണം.
ഉൽപ്പന്നങ്ങളുടെ പാക്കറ്റിന് മുൻവശത്ത് ഏറ്റവും മുകളിലായി വ്യക്തമായി കാണാവുന്ന രീതിയിലാണ് ഈ ചിഹ്നം പ്രദർശിപ്പിക്കേണ്ടത്. മൃഗങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഗ്ലിസറിൻ, കൊളാജൻ, സ്റ്റിയറിക് ആസിഡ്, ജലാറ്റിൻ തുടങ്ങിയ ചേരുവകൾ പല പ്രമുഖ കമ്പനികളുടെയും സോപ്പുകളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കാറുണ്ട്. പുതിയ നിയമം വന്നതോടെ ഇത്തരം ചേരുവകൾ അടങ്ങിയ ഉൽപ്പന്നങ്ങളിൽ ചുവപ്പ് ചിഹ്നം നൽകാൻ കമ്പനികൾ നിർബന്ധിതരാകും. ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കാനും സുതാര്യത കൊണ്ടുവരാനും കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.











