കോഴിക്കോട്: വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷിയുള്ളവരെയും കൂടി കൊണ്ടുവരണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അതിനായി സമൂഹം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
‘കേരളത്തില്‍ ഏഴരലക്ഷം പേര് ഏതെങ്കിലും വിധത്തില്‍ ഭിന്നശേഷിയുള്ളവരാണ്. ഇവരെ സഹായിക്കാന്‍ പൊതുസമൂഹത്തിന് കടമയുണ്ട്. ഇവരുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ, സന്നദ്ധസംഘടനകളും സ്വകാര്യസ്ഥാപനങ്ങളും സഹകരിക്കണം. ഭിന്നശേഷിയുള്ളവരില്‍ 75 ശതമാനവും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഇവര്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല’ – ഗവര്‍ണര്‍ പറഞ്ഞു .
‘ഭിന്നശേഷിയുള്ളവരോട് നല്ല മനോഭാവം പുലര്‍ത്താനും സഹാനുഭൂതിയോടെ പെരുമാറാനും ഓരോ കുടുംബത്തിലും കുട്ടികളെ പരിശീലിപ്പിക്കണം. മാനവസേവയാണ് മാധവസേവയെന്ന് ഭാരതീയദര്‍ശനം പഠിപ്പിക്കുന്നു. സഹജീവികളെ സഹായിക്കുന്നതാണ് ഏറ്റവും വലിയ പ്രാര്‍ഥനയെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും ‘ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
Discussion about this post