കേരളത്തിലും ഉത്തര്‍പ്രദേശിലുമായി നടന്ന റെയ്ഡുകളില്‍, അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന വാര്‍ത്താവിനിമയ കേന്ദ്രങ്ങള്‍ കണ്ടെത്തി. മിലിറ്ററി ഇന്റലിജന്‍സിന്റെയും മുംബൈ പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് വി.ഒ.ഐ.പി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനരഹിതമാക്കിയത്. കേരളത്തില്‍ എടപ്പാളിന് സമീപം ചങ്ങരംകുളത്ത് നടന്ന റെയ്ഡില്‍ ഒരാള്‍ പിടിയിലായി.
പാലക്കാട് സ്വദേശി മുഹമ്മദ് കുട്ടി എന്നയാളാണ് മുംബൈ പോലീസും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചങ്ങരംകുളത്തുനിന്ന് അറസ്റ്റിലായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.അനധികൃത ഫോണ്‍കോളുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍. ഉത്തര്‍പ്രദേശിലെ നോയ്ഡയിലും കേരളത്തിലും നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് മുഹമ്മദ് കുട്ടി അറസ്റ്റിലായത്. നിരവധി ഉപകരണങ്ങളും പരിശോധനകളില്‍ പിടിച്ചെടുത്തിട്ടുണ്ട്.
മുഹമ്മദ് കുട്ടി നേരത്തെ യുഎഇയില്‍ ജോലിചെയ്തിരുന്നു. അവിടെവെച്ച് പരിചയത്തിലായ ചിലര്‍ മുഖേനയാണ് ഈ ശൃംഖലയില്‍ കണ്ണിയായത്. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി രൂപഭേദംവരുത്തുന്ന സംവിധാനമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കളുടെ ഇടപെടലില്ലാതെ അന്താരാഷ്ട്ര കോളുകള്‍ സാധ്യമാക്കുന്ന സംവിധാനമാണിത്.വിദേശികളടക്കം ശൃംഖലയില്‍ കണ്ണികളാണെന്ന് പോലീസ് പറയുന്നു.സംഘത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
Discussion about this post