റായ്പുർ : ഛത്തീസ്ഗഡിലെ സുക്മയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. രണ്ടു വനിതകളും ഒരു പുരുഷനും ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരർക്കും സർക്കാർ 5 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ഏതാനും ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്.
ഏരിയ കമ്മിറ്റി അംഗം മാധവി ദേവ, സിഎൻഎം (ചേത്‌ന നാട്യ മണ്ഡലി – മാവോയിസ്റ്റുകളുടെ സാംസ്കാരിക സംഘടന) കമാൻഡർ പോഡിയം ഗംഗി, കിസ്താറാം ഏരിയ കമ്മിറ്റി അംഗം സോധി ഗംഗി എന്നീ കമ്മ്യൂണിസ്റ്റ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന സ്ഥിരീകരിച്ചു. തുമൽപാഡ് ഗ്രാമത്തിലെ വനപ്രദേശത്തുള്ള കുന്നുകളിൽ രാവിലെ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) നേതൃത്വത്തിലാണ് കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ ദൗത്യം ആരംഭിച്ചിരുന്നത്. മേഖലയിൽ മാവോയിസ്റ്റ് കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന ഓപ്പറേഷൻ തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് ഭീകരർ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും തടഞ്ഞു കൊണ്ടായിരുന്നു ഡി ആർ ജി സംഘം ഓപ്പറേഷൻ നടത്തിയത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഒരു .303 റൈഫിൾ, ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ (ബിജിഎൽ), മറ്റ് ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
ബസ്തറിൽ നക്സലിസം അതിന്റെ അവസാന ഘട്ടത്തിലാണെന്ന് ഏറ്റുമുട്ടലിനു ശേഷം സുരക്ഷാസേന വ്യക്തമാക്കി. ഈ വർഷം സംസ്ഥാനവ്യാപകമായി 262 കമ്മ്യൂണിസ്റ്റ് ഭീകരനാണ് സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.











Discussion about this post