ഡല്‍ഹി: കാറ്റും വെളിച്ചവും കയറുന്ന മുറിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണത്തിലെ പ്രധാനിയും അജ്മല്‍ കസബിന്റെ സഹായിയുമായ അബു ജുന്‍ഡല്‍ ജയിലില്‍ നിരാഹാരത്തില്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായ അര്‍തര്‍ റോഡ് ജയിലില്‍ ജനലുകളില്ലാത്ത സെല്ലിലാണ് ജുന്‍ഡാലിനെ അടച്ചിരിക്കുന്നത്. ഇവിടെ കാറ്റും വെളിച്ചവും ലഭിക്കുന്നില്ലെന്നാണ് ജുന്‍ഡാലിന്റെ പരാതി. ഇന്ത്യക്കാരനായ ഇയാള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജുന്‍ഡല്‍ ജയിലില്‍ അടയ്ക്കപ്പെട്ടത്.
വര്‍ഷങ്ങളായി പുറംലോകവുമായി ബന്ധമില്ലാതെ കിടക്കുന്നത് തന്നെ മാനസികമായി തളര്‍ത്തുന്നു. കുറ്റം സമ്മതിക്കുന്നതിനായി ജയില്‍ അധികൃതര്‍ ഉപദ്രവിക്കുന്നുണ്ടെന്നും ജുന്‍ഡല്‍ ആരോപിക്കുന്നുണ്ട്. ബുധനാഴ്ച പ്രത്യേക എംസിഒസിഎ കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ജയില്‍ മാറ്റണമെന്ന് ജുന്‍ഡല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജുന്ഡലിനെ വളരെക്കാലമായി സെല്ലിന് പുറത്തിറക്കിയിട്ടില്ല. കുറച്ച് കാറ്റും വെളിച്ചവും അയാള്‍ ആഗ്രഹിക്കുന്നുണ്ട്. നിരാഹാരം അവസാനിപ്പിക്കണമെന്ന് ജുന്ഡലിനോട് പറയണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതിന് നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്ന് താന്‍ വ്യക്തമാക്കിയിട്ടുള്ളതായി ജുന്‍ഡാലിന്റെ അഭിഭാഷകന് പറഞ്ഞു. മുംബൈ ഭീകരാക്രണത്തിന്റെ സമയത്ത് ഫോണിലൂടെ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് ജുന്ഡാലായിരുന്നു. ഇത് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളും പുറത്തു വന്നിരുന്നു. സൗദി അറേബ്യയിലേക്ക് ഒളിച്ചുകടന്ന ജുന്‍ഡല്‍ 2012 ലാണ് പിടിയിലാകുന്നത്.
Discussion about this post