ഡല്‍ഹി മുഖ്യമന്ത്രിയായ് മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്യുന്ന അരവിന്ദ് കെജ്രിവാളിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് മറ്‌റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല. മറ്റ് മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്നില്ലെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റാം ലീല മൈതാനിയില്‍ ഫെബ്രുവരി 16നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരെയോ, രാഷ്ട്രീയ നേതാക്കളെയോ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് പിടിഐയോട് പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ച ഡല്‍ഹിക്കാരുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നിര്‍വ്വഹിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ മകനായും, സഹോദരനായും കണ്ടവര്‍ക്കാണ് ചടങ്ങിലേക്ക് ക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
70 സീറ്റില്‍ 62 എണ്ണം വിജയിച്ചാണ് കെജ്രിവാള്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത്. സുപ്രധാന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയേയും വിമര്‍ശിക്കാതെയുള്ള രാഷ്ട്രീയ സമീപനമാണ് എഎപിയെ വിജയത്തിലെത്തിച്ചതെന്നായിരുന്നു നിഗമനം. അതുകൊണ്ടു തന്നെ പ്രതിപക്ഷ കക്ഷികള്‍ക്ക് ആ വിജയത്തില്‍ ആഹ്ലാദത്തിന് വകയില്ലെന്നും വിലയിരുത്തലുണ്ടായി. ഇതിന് പിറകെയാണ് മറ്റ് ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വിഭിന്നമായി മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരെ ക്ഷണിക്കേണ്ടതില്ല എന്ന തീരുമാനം എഎപി എടുക്കുന്നത്.
മോദിക്കെതിരായ വിജയം എന്ന നിലയില്‍ എഎപിയുടെ വിജയത്തെ കൊട്ടിഘോഷിക്കാനുള്ള നീക്കം ഇതുവഴി പ്രതിപക്ഷത്തിന് നഷ്ടപ്പെടുകയാണ്. മോദി സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷ ചേരിയില്‍ കെജ്രിവാളിനെ പ്രതീക്ഷിക്കേണ്ട എന്ന രാഷ്ട്രീയ സന്ദേശമാണ് ഇതെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.








