മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സർക്കാരിൽ ഭിന്നത രൂക്ഷം. ഭീമ കൊറേഗാവ് കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സഖ്യകക്ഷിയായ എന്‍സിപിയുടെ നേതാവ് ശരദ് പവാര്‍ രംഗത്തെത്തി. കേസ് എന്‍ഐഎക്ക് വിടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വെളിപ്പെടുത്തിയിരുന്നു. നവംബര്‍ 28ന് സഖ്യസര്‍ക്കാര്‍ (മഹാരാഷ്ട്ര വികാസ് അഘാഡി)അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് ശരദ് പവാർ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നത്.
കേസ് ഏറ്റെടുക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനവും വിട്ടുകൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനവും അനീതിയാണെന്ന് ശരദ് പവാര്‍ പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതല സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്ന സാഹചര്യത്തില്‍ കേസ് എന്‍ഐഎക്ക് വിട്ടത് ഭരണഘടനാ വിരുദ്ധമാണെന്ന് പവാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ നിന്നും അന്വേഷണ ചുമതല ദേശീയ ഏജന്‍സിക്ക് വിട്ടു കൊടുത്തത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ 2018-ല്‍ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആക്ടിവിസ്റ്റുകളടക്കമുള്ള ചിലര്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഭീമ കൊറേഗാവ് കേസ്. ഇടത്, ദളിത് ആക്ടിവിസ്റ്റുകളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട് , ഷോമ സെന്‍ , അരുണ്‍ ഫെരേര, വെര്‍നന്‍ ഗോണ്‍സാല്‍വസ്, സുധാ ഭരദ്വാജ്, വരവര റാവു തുടങ്ങിയവരാണ് അറസ്റ്റിലായത്.
അതേസമയം, എന്‍.സി.പി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയമാണ് എന്‍.ഐ.എ അന്വേഷണത്തിന് അനുമതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി പ്രത്യേക അധികാരമുപയോഗിച്ച് ആഭ്യന്തര വകുപ്പിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നാണ് എന്‍.സി.പിയുടെ വാദം.
സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നാണ് എന്‍സിപിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ശരദ് പവാര്‍ മുഖ്യമന്ത്രിക്ക് കത്തും എഴുതിയിരുന്നു. മുഖ്യമന്ത്രിക്ക് ശരദ് പവാര്‍ കത്ത് കൈമാറിയതിന് പിന്നാലെ അജിത് പവാറും മറ്റ് എന്‍.സി.പി മന്ത്രിമാരും പ്രത്യേക യോഗം ചേര്‍ന്നു.
2018-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭീമ കൊറേഗാവ് അനുസ്മരണ ദിനമായ ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ സംഘര്‍ഷമുണ്ടാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടന്നെന്നുമാണ് കേസ്.
Discussion about this post