ആലപ്പുഴ: ഓളപരപ്പിലെ ആവേശപോരാട്ടത്തിനൊടുവില്‍ നെഹറ്രുട്രോഫി വള്ളംകളി കിരീടം ജവഹര്‍ തായങ്കരിക്ക്. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരിക്ക് നെഹ്റു ട്രോഫി കിരീടം. 63ാമത് നെഹ്റു ട്രോഫി വള്ളംക്കളിയില് ആവേശകരമായ പോരാട്ടം കാഴ്ചവച്ചാണ് ജയിംസ്കുട്ടി ജേക്കബ് ക്യാപ്റ്റനായ ജവഹര്‍ തായങ്കരി നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത് നാല് മിനിറ്റ് 36 സെക്കറ്റിന്റിലാണ് ഫിനിഷ് ചെയ്തത്. ഉച്ചക്ക് രണ്ട് മണിക്ക് കേന്ദ്ര മന്ത്രി നിധിന് ഗഡ്കരിയാണ് വള്ളം കളി ഉദ്ഘാടനം ചെയ്തത്. ഏറെ വീറും വാശിയും നിറഞ്ഞ മത്സരമായിരുന്നു ഇത്തവണ പുന്നമടക്കായലിലേത്.
അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ മഹാദേവിക്കാട്ടിലിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ജവഹര്‍ തായങ്കരി ഒന്നാമതെത്തിയത്. ശ്രീഗണേഷ് മൂന്നാം സ്ഥാനത്തെത്തി. ചുണ്ടന്‍വള്ളങ്ങളുടെ ആദ്യ ഹീറ്റ്സില്‍ മഹാദേവിക്കാട് കാട്ടില്‍ ബോട്ട് ഒന്നാമതായി ഫിനിഷ് ചെയ്തപ്പോള്‍, രണ്ടാം ഹീറ്റ്സ് സെന്റ് പയസ് 10 ഒന്നാമതായി ഫിനിഷ് ചെയ്തു. ശ്രീഗണേശനാണ് മൂന്നാം ഹീറ്റ്സില്‍ ഒന്നാമതെത്തിയത്. ഏറ്റവും ആവേശം നിറഞ്ഞ നാലാം ഹീറ്റ്സില്‍ നിലവിലെ ചാംപ്യന്മാരായ ചമ്പക്കുളത്തെ പിന്തള്ളി തകര്‍പ്പന്‍ പോരാട്ടം കാഴ്ചവച്ചാണ് ജവഹര്‍ ഒന്നാമതെത്തി.
1977 ല്‍ കോഴിമുക്ക് നാരായണനാചാരി നിര്‍മിച്ചു നീറ്റിലിറക്കിയ ജവഹര്‍ തായങ്കരിക്ക് അന്‍പത്തിയൊന്നേകാല്‍ കോലാണ് നീളം. നീറ്റിലിറങ്ങിയ വര്‍ഷം 1977 ല്‍ നെഹ്റു ട്രോഫിയിലെ കന്നിപ്പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി. തൊട്ടടുത്തവര്‍ഷവും വിജയം ആവര്‍ത്തിച്ചു. 1985, 2010 വര്‍ഷങ്ങളിലും ജവഹര്‍ തായങ്കരി കിരീടമുയര്‍ത്തി. മത്സരവിഭാഗത്തില്‍ 16 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 63 കളിയോടങ്ങളാണ് ഇത്തവണ പുന്നമടകായലില്‍ മാറ്റുരച്ചത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് വള്ളംകളിക്ക് തുടക്കമായത്. ചൈനീസ് സ്ഥാനപതി ലി യു ഷെഗ് മുഖ്യാതിഥിയായിരുന്നു.
Discussion about this post