തിരുവനന്തപുരം: ജില്ലയിൽ രണ്ട് കൊലക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. പേരൂർക്കട, വെള്ളറട എന്നീ സ്റ്റേഷനുകളിൽ നിന്നാണ് രണ്ട് ദിവസത്തിനിടെ രണ്ട് പേർ രക്ഷപ്പെട്ടത്. ഇരുവരെയും കണ്ടെത്താൻ ഊർജ്ജിത അന്വേഷണം തുടരുകയാണ്.
കാരക്കോണം സ്വദേശി ബിനോയി, നെയ്യാറ്റിൻകര സ്വദേശി മിഥുൻ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയത്. ബിനോയി ബുധനാഴ്ച ആശുപത്രിയിൽവച്ചും, മിഥുൻ തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിൽ നിന്നുമായിരുന്നു രക്ഷപ്പെട്ടത്. ഇരുവരെയും ഉടനെ തന്നെ പിന്തുടർന്ന് പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
കാരക്കോണത്ത് യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിലാണ് ബിനോയി. ആക്രമണത്തിനിടെ ബിനോയിക്കും പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ബിനോയുമായി പോലീസ് ആശുപത്രിയിൽ എത്തിച്ചത്. ശൗചാലയത്തിലേക്ക് പോകുന്നതിനിടെ ബിനോയ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു.
ചന്ദനകിട്ടി സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആയിരുന്നു മിഥുനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം ലോക്കപ്പിന്റെ പുറത്ത് നിർത്തുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
Discussion about this post