മിസൈൽ വിക്ഷേപണ സാമഗ്രികൾ കണ്ടതിനെത്തുടർന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് ഇന്ത്യ തടഞ്ഞുവെച്ച ചൈനീസ് കപ്പലിന് ഉന്നത അധികൃതർ പോകാൻ അനുമതി നൽകി. അതേസമയം, സംശയകരമായി കണ്ട ഓട്ടോക്ലേവ് ഉപകരണങ്ങൾ പ്രതിരോധ ഗവേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഡ്രൈയർ ആയും മർദ്ദം നിയന്ത്രിക്കാനുള്ള സംവിധാനമായും ഉപയോഗിക്കാൻ കഴിയുന്നതാണ് ഓട്ടോക്ലേവ് ഉപകരണങ്ങൾ എന്ന് ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
ഡായ് ക്വി ചിൻ എന്ന ചൈനീസ് കപ്പൽ, രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മൂന്നാം തീയതി മുതൽ ഗുജറാത്തിൽ ഇന്ത്യ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഖാസിം തുറമുഖത്തേയ്ക്കുള്ള മാർഗമധ്യേയാണ് കപ്പൽ ഇന്ത്യ പിടിച്ചെടുത്തത്. വിശദാംശങ്ങൾ ഒപ്പിട്ട് വാങ്ങിയതിനുശേഷം കപ്പലിനെ കേന്ദ്രസർക്കാരിന്റെ ഉന്നത അധികൃതർ വ്യാഴാഴ്ച വൈകുന്നേരത്തോടെ പോകാൻ അനുവദിച്ചു.












