ചെന്നൈ: മുന്‍ ടെലികോം മന്ത്രി ദയാനിധിമാരനോട് മൂന്ന് ദിവസത്തിനകം സിബിഐയ്ക്ക് മുമ്പില്‍ ഹാജരാവാന്‍ മദ്രാസ് ഹൈക്കോടതി വിധി. മാരന്റെ താത്കാലിക ജാമ്യം കോടതി റദ്ദ് ചെയ്തു. ഒന്നാം യുപിഎ മന്ത്രിസഭയിലെ ടെലികോ മന്ത്രിയായിരുന്ന മാരന്‍ സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ അഴിമതി നടത്തിയെന്ന കേസിലാണ് സിബിഐ അന്വേഷണം നേരിടുന്നത്.
മാരന്‍ ടെലികോം മന്ത്രിയായിരിക്കുന്ന സമയത്ത് എയര്‍സെല്ലിന് 2ജി ലൈസന്‍സ് നല്‍കുന്നത് മന:പൂര്‍വം വൈകിപ്പിച്ചു എന്നും എയര്‍സെല്ലിന്റെ ഭൂരിഭാഗം ഓഹരികളും മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് നല്‍കാന്‍ കമ്പനി മേധാവി ശിവശങ്കരനുമേല്‍ മാരന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നും സിബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഓഹരികള്‍ മാക്‌സിസിന് വിറ്റ ഉടന്‍ എയര്‍സെല്ലിന് 2ജി ലൈസന്‍സ് ലഭിച്ചു എന്നും മാരന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിയുടെ ഡിടിഎച്ച് സേവനത്തില്‍ 600 കോടി രൂപ നിക്ഷേപിച്ച ആസ്‌ട്രോ എന്ന കമ്പനി മാക്‌സിസ് കമ്യൂണിക്കേഷന്‍സിന്റെ സഹോദര സ്ഥാപനമാണെന്നും സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു
Discussion about this post