പാലാരിവട്ടം പാലം അഴിമതി കേസ് അട്ടിമറിക്കാൻ ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ആദ്യം കേസ് അന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി ആർ.അശോക് കുമാർ, ഇടനിലക്കാരനായ സി.ഐയായ കെ.കെ.ഷെറി എന്നിവർക്കെതിരെയാണ് നടപടി.
മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസന്വേഷണത്തിന്റെ പ്രാരംഭ ഘട്ടം മുതലേ ഇബ്രാഹിംകുഞ്ഞിനെ സഹായിക്കുന്ന നിലപാടായിരുന്നു ഡി.വൈ.എസ്.പിയ്ക്ക് എന്ന ആക്ഷേപം അന്വേഷണ സംഘത്തിലെ മറ്റുപല ഉദ്യോഗസ്ഥന്മാരും വെളിപ്പെടുത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകൾ ശേഖരിക്കുന്നതിലെ അലംഭാവവും വിവരങ്ങൾ അഭിഭാഷകരുമായി പങ്കുവയ്ക്കുന്നതിലുള്ള വീഴ്ചയും ഡി.വൈ.എസ്.പിയിൽ നിന്നും ഉണ്ടായപ്പോഴാണ് ഇന്റലിജൻസ് അന്വേഷണം ഏറ്റെടുത്തത്.












