സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് നവവധുവിനെ ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവിന്റെ പീഡനവിവരങ്ങൾ വെളിപ്പെടുത്തി യുവതി. കൊല്ലം പുത്തൻതുറ സ്വദേശിനിയും ഡേറ്റ അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദധാരിയുമായ അഞ്ജുവാണ് ഭർത്താവ് നന്ദുവിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങൾ തുറന്നുപറഞ്ഞത്. ഭർത്താവ് ഒരു സൈക്കോയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും മുൻകാമുകിയുമായി തന്റെ ശരീരത്തെ താരതമ്യം ചെയ്ത് മാനസികമായി അധിക്ഷേപിച്ചിരുന്നതായും അഞ്ജു വെളിപ്പെടുത്തി.
നാലു മാസം മുൻപായിരുന്നു അറേഞ്ച്ഡ് മാര്യേജ് വഴി അഞ്ജുവിന്റെയും ചവറ സ്വദേശിയായ നന്ദുവിന്റെയും വിവാഹം കഴിഞ്ഞത്. മത്സ്യത്തൊഴിലാളിയായ പിതാവിന്റെയും വീട്ടമ്മയായ മാതാവിന്റെയും മകളായ അഞ്ജു പിജി പരീക്ഷ എഴുതി രണ്ടാം നാളാണ് വിവാഹിതയായത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചു. സ്വന്തം സഹോദരിക്ക് നൽകിയ സ്ത്രീധനവുമായി താരതമ്യം ചെയ്ത് അഞ്ജുവിന് കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് ഭർത്താവും വീട്ടുകാരും നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. കൂടാതെ അഞ്ജുവിന്റെ പഴയ ഫോൺ നമ്പർ മാറ്റിക്കുകയും വാട്സാപ്പും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കാണിക്കാൻ നിർബന്ധിക്കുകയും സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ജോലിസ്ഥലമായ സൗദി അറേബ്യയിലേക്ക് പോയ നന്ദു, പിന്നീട് സർട്ടിഫിക്കറ്റുകൾ കിട്ടുന്നതുവരെ ലൈഫ് എൻജോയ് ചെയ്യാമെന്നു പറഞ്ഞ് അഞ്ജുവിനെയും ഒപ്പം കൂട്ടുകയായിരുന്നു. എന്നാൽ സൗദിയിലെ ഫ്ലാറ്റിലെത്തിയതോടെ പീഡനം രൂക്ഷമായി. ഫ്ലാറ്റിൽ വച്ച് കുക്കർ, ഇടികല്ല്, ബെൽറ്റ്, ലാപ്ടോപ് ചാർജർ, ചൂല്, മോപ്പ് എന്നിവ ഉപയോഗിച്ച് നിരന്തരം ക്രൂരമായി മർദിക്കുകയും കത്തി കാണിച്ച് കൊലപാതക ഭീഷണി മുഴക്കുകയും ചെയ്തു. അഞ്ജുവിന്റെ ശരീരഭാഗങ്ങളിൽ മർദനമേറ്റ ഗുരുതരമായ പാടുകളുണ്ട്.
അഞ്ജുവിനെ മോശക്കാരിയാക്കുന്ന തരത്തിൽ നിർബന്ധിച്ച് വ്യാജ ശബ്ദസന്ദേശങ്ങൾ റെക്കോഡ് ചെയ്യിച്ച നന്ദു, ഇതെല്ലാം നാട്ടുകാരിലേക്കും ബന്ധുക്കളിലേക്കും അയച്ചുകൊടുത്ത് അപമാനിച്ചു. വിവാഹമോചനം നേടിയ ശേഷം സെക്സ് റാക്കറ്റിൽ പ്രവർത്തിക്കാനാണ് തനിക്ക് താല്പര്യമെന്ന് വരെ തോക്കുചൂണ്ടിയും മർദിച്ചും അഞ്ജുവിനെക്കൊണ്ട് പറയിപ്പിച്ച് റെക്കോഡ് ചെയ്തതായി യുവതി പറയുന്നു. തന്റെ സ്റ്റാറ്റസിന് ചേരുന്ന ആളല്ലെന്നും മുൻകാമുകിയുടെ അത്ര ഭംഗിയില്ലെന്നും പറഞ്ഞായിരുന്നു അധിക്ഷേപം.
സൗദിയിലെ പീഡനങ്ങൾക്കൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ 30-നാണ് അഞ്ജു നാട്ടിൽ തിരിച്ചെത്തി പൊലീസിനെ സമീപിച്ചത്. അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് ഭർത്താവ് നന്ദുവിനെയും മാതാപിതാക്കളെയും പ്രതിയാക്കി ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ശരീരമാസകലം ഗുരുതരമായി പരുക്കേറ്റ അഞ്ജു നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.












