ഇടുക്കി വണ്ണപ്പുറത്ത് വിൽപനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ പൊലീസ് പിടികൂടി. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴ ഡിവൈ.എസ്.പി സ്ക്വാഡും കാളിയാർ പോലീസും ചേർന്ന് വണ്ണപ്പുറം പള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ വലയിലായത്.
അറസ്റ്റിലായ പ്രതികളിൽ പ്രധാനിയായ റാഫി വണ്ണപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് അംഗത്തിന്റെ ഭർത്താവാണ്. ഇവരിൽ നിന്ന് ഒന്നര ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. പിടിയിലായവർ ലഹരിമരുന്ന് ഉപയോഗിക്കുകയും പ്രദേശത്ത് വിൽപന നടത്തുകയും ചെയ്തിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയ്ക്ക് ശേഷം പ്രതികളുമായി പുറത്തിറങ്ങിയ പൊലീസിന് നേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശക്തമായ മുദ്രാവാക്യം വിളികളുമായി പ്രതിഷേധവുമായെത്തി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് പ്രതികളെ കാളിയാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ കൂടുതൽ തുടർനടപടികൾ പൂർത്തിയാക്കി പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.








