ന്യൂഡല്‍ഹി:അവസാനം ഞങ്ങള്‍ക്ക് നീതി ലഭിച്ചു, ‘വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകള്‍ നിര്‍ഭയയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊന്ന പ്രതികളുടെ വധശിക്ഷയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആശാ ദേവി.ക്ഷീണിച്ച കണ്ണുകളോടെ വിജയചിഹ്നം പ്രകടിപ്പിച്ച് ഏഴുവർഷം നീണ്ട നിയമപോരാട്ടത്തെ അനുസ്മരിച്ചു കൊണ്ടായിരുന്നു ആശാദേവിയുടെ വാക്കുകള്‍ .
എല്ലാ കാലതാമസവും തന്ത്രങ്ങളും ഉണ്ടായിരുന്നിട്ടും, ജുഡീഷ്യറി അതിന്റെ ജോലി ചെയ്തുവെന്ന് ആശാദേവി പറഞ്ഞു. എല്ലാവരോടും നന്ദി പറയാന്‍ ഈ നിമിഷത്തില്‍ ആഗ്രഹിക്കുന്നു – നമ്മുടെ ജുഡീഷ്യറി, സര്‍ക്കാരുകള്‍, പ്രസിഡന്റ് രാം നാഥ് കോവിന്ദ് എല്ലാവരോടും നന്ദിയുണ്ട്. ഇന്ത്യയിലെ പെണ്‍മക്കള്‍ക്കുവേണ്ടിയുള്ള, അവരുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം ഞങ്ങള്‍ തുടരുമെന്നും ആശാ ദേവി പറഞ്ഞു. ‘ഞങ്ങളുടെ മകള്‍ ഇപ്പോള്‍ ഇല്ല, മടങ്ങി വരില്ല. അവര്‍ ഞങ്ങളെ വിട്ടു പോയതിനു ശേഷമാണ് ഞങ്ങള്‍ ഈ പോരാട്ടം ആരംഭിച്ചത്. ഈ പോരാട്ടം അവള്‍ക്കു വേണ്ടിയായിരുന്നു.
ഭാവിയില്‍ ഈ രാജ്യത്തെ മറ്റു പെണ്‍മക്കള്‍ക്കുവേണ്ടിയും ഞങ്ങള്‍ ഈ പോരാട്ടം തുടരും.ഞാന്‍ എന്റെ മകളുടെ ചിത്രം കെട്ടിപ്പിടിച്ച് പറയും ‘ഒടുവില്‍ നിനക്ക് നീതി ലഭിച്ചിരിക്കുന്നുവെന്ന്” വളരെ വികാരാധീനയായി ആശാദേവി മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആശാദേവി പറഞ്ഞു.
നിയമ യുദ്ധത്തെക്കുറിച്ച് നിര്‍ഭയയുടെ പിതാവ് ബദരീനാഥ് സിംഗും മാദ്ധ്യമങ്ങളോട് സംസാരിച്ചു. ” നീതിക്കു വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദനാജനകമായിരുന്നു. ‘ഈ ദിവസം നിര്‍ഭയമായി ആചരിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.ന്യായ് ദിവസ് ‘നീതിയുടെ ദിവസം എന്നാണീ ദിവസത്തിനര്‍ത്ഥം” സിംഗ് വ്യക്തമാക്കി.
നിര്‍ഭയയുടെ അമ്മ എന്നറിയപ്പെടുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് ആശാദേവി ആവര്‍ത്തിച്ചു. അവള്‍ വളരെ കഠിനമായി പോരാടി. ഈ ദിവസം കാണാന്‍ ഞാന്‍ വളരെക്കാലം കാത്തിരുന്നു.നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ അപാകത തുറന്നുകാട്ടി. എന്നാല്‍,ഒടുവില്‍ നാലുപേരെയും ഒറ്റയടിക്ക് തൂക്കിലേറ്റി ഇത്തരത്തിലുള്ള ആദ്യത്തെ നീതി, അത് തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് ഒരു പാഠമാകുമെന്നും ആശാദേവി വ്യക്തമാക്കി. ‘വധശിക്ഷയുടെ വാര്‍ത്ത പുറത്തു വന്നയുടനെ,തിഹാര്‍ ജയിലിലെ ഗേറ്റ് നമ്പര്‍ 3 ന് പുറത്ത് തടിച്ചു കൂടിയ ജനക്കൂട്ടം’ നിര്‍ഭയ സിന്ദാബാദ്, ‘ എ.പി സിംഗ് മൂര്‍ദാബാദ് എന്നാര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു.








