വിലക്ക് ലംഘിച്ചു പുറത്തിറങ്ങുന്ന ജനങ്ങളെ നിയന്ത്രിക്കാൻ നഗരങ്ങളിൽ പോലീസ് നെട്ടോട്ടമോടുമ്പോൾ, രോഗത്തിന്റെ തീവ്രത പൂർണ്ണമായി ഉൾക്കൊണ്ട് ഗ്രാമവാസികൾ. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്ത് മീനാക്ഷിപുരം ഗ്രാമത്തിലെ 150 കുടുംബങ്ങൾ ‘സെൽഫ് ഐസോലേഷനിൽ.’
തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ പോലും ശക്തമായ ബോധവൽക്കരണം നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.മുളകളും മുള്ളും കൊണ്ട് വേലികെട്ടി തങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴിയടച്ചു കൊണ്ടും, പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു കൊണ്ടും പുറനാട്ടുകാരെ അവർ തങ്ങളുടെ ഗ്രാമത്തിലേക്ക് വരുന്നത് വിലക്കിയിരിക്കുകയാണ്. “പുറത്തു നിന്നുള്ളവർ ഗ്രാമത്തിലേക്ക് വരുന്നത് വിലക്കിയിരിക്കുന്നു” എന്നെഴുതിയ ബോർഡുകൾ, ഗ്രാമത്തിന്റെ പല അതിരുകളിലും ദൃശ്യമാണ്.ബലം പ്രയോഗിച്ച് ആരെങ്കിലും കടക്കാൻ ശ്രമിച്ചാൽ ധൈര്യമായി വിളിച്ചോളൂവെന്ന് പറഞ്ഞ് പോലീസുകാർ ഗ്രാമീണർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമാനുസൃത മുന്നറിയിപ്പുകൾ കർശനമായി പാലിക്കുന്ന കുഗ്രാമത്തിന്റെ കഥകൾ ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയാണ്.











