ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി ബിജെപി എം പി ഗൗതം ഗംഭീർ. ഒരു കോടി രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് അദ്ദേഹം തുക അനുവദിച്ചത്. തന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനായി ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ കർമ്മ രംഗത്തിറങ്ങുകയാണെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ക്രിക്കറ്റ് രംഗത്തെ നിരവധി പ്രമുഖർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, സുരേഷ് റെയ്ന, സൗരവ് ഗാംഗുലി, എം എസ് ധോണി, റിച്ച ഘോഷ് എന്നിവരാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 50 ലക്ഷം രൂപയും സുരേഷ് റെയ്‌ന 52 ലക്ഷവുമാണ് സംഭാവന നല്‍കിയത്. സൗരവ് ഗാംഗുലി പാവപ്പെട്ടവർക്കായി അമ്പത് ലക്ഷം രൂപയുടെ അരി വാഗ്ദാനം ചെയ്തിട്ടുണ്ട്.









