ഡല്‍ഹി: രാജ്യവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍ ഒന്നും തന്നെ പ്രതിപാദിക്കാതെയുള്ള സ്വാതന്ത്രദിന സന്ദേശമാണ് മോദിയുടേത് എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭീകരവാദവും വിദേശകാര്യ നയവുമുള്‍പ്പെടെ രാജ്യവുമായി ബന്ധപ്പെട്ട സുപ്രധാനമായ പല മേഖലകളെക്കുറിച്ചും ഒന്നുംതന്നെ പ്രതിപാദിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയുടെ പ്രസംഗത്തെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടാതെ മൗനം പാലിച്ചതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം സുപ്രധാനമായ ഒട്ടേറെ കാര്യങ്ങള്‍ വിട്ടുകളഞ്ഞെന്ന ആക്ഷേപവുമായി മറ്റു നേതാക്കള്‍ രംഗത്തെത്തിയത്. ഒരു റാങ്ക്, ഒരു പെന്ഷന് പദ്ധതിയെക്കുറിച്ച് കൃത്യമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ വിമുക്ത ഭടന്മാരെ നിരാശരാക്കിയിരിക്കുകയാണ് മോദിയെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എഐസിസി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രീയപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും വ്യക്തമാക്കി നിശബ്ദത പാലിക്കുകയും ചെയ്തിരുന്നു.
അതേസമയം, ചുവപ്പു കോട്ടയില്‍ നടത്തിയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി വലിയ കാര്യങ്ങളായി ഉയര്‍ത്തിക്കാട്ടിയ പദ്ധതികളിലേറെയും യുപിഎ സര്‍ക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ചതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അഴിമതിയുടെ കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കും സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കുമായി വ്യത്യസ്ത നിര്‍വചനങ്ങള്‍ ചമയ്ക്കുകയാണ് പ്രധാനമന്ത്രിയെന്നും അവര്‍ ആരോപിച്ചു.
എന്ത് പുതിയ കാര്യമാണ് തന്റെ പ്രസംഗത്തില്‍ മോദി പറഞ്ഞത്? രണ്ടോ മൂന്നോ പദ്ധതികളെക്കുറിച്ച് മോദി സംസാരിച്ചു. എന്നാല്‍, ഇവയെല്ലാം തന്നെ കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്ന് പറയുന്നതില്‍ വിഷമമുണ്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായി ഗുലാംനബി ആസാദ് പറ!ഞ്ഞു. തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ നടത്തിയ അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് മോദിയെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവായ അംബിക സോണി വിമര്‍ശിച്ചു. മോദിയുടെ വാക്കുകള്‍ ആരും വിശ്വസിക്കില്ലെന്നും അംബിക സോണി അഭിപ്രായപ്പെട്ടു.
Discussion about this post