ലണ്ടൻ; ലണ്ടനിലെ ഹാക്ക്നിയിൽ നടന്ന വെടിവെപ്പിൽ പത്ത് വയസ്സുള്ള മലയാളി പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. ബ്രിട്ടനിലെ ബർമിങ്ഹാമിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചു വരികയായിരുന്നു ലിസ്സൈലിൻറെ കുടുംബം.
വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്‍റിന് സമീപത്താണ് വെടിവെയ്പ് നടന്നത്. ബൈക്കിൽ എത്തിയ ഒരാളാണ് വെടിവെച്ചത്. വെടിവെയ്പിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റ നാല് പേരെയും ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് പോലീസ് അറിയിക്കുന്നത് . പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
സംഭവ സ്ഥലത്ത് ഉടനടി പോലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല. തോക്ക് വിദഗ്ധർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. .
ഡാൽസ്റ്റണിലെ കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ വെടിവെപ്പിനെത്തുടർന്നുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. വെടിയേറ്റ മറ്റ് ആളുകളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. വെടിവെപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്ന സാക്ഷികൾ ബന്ധപ്പെടണമെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.










Discussion about this post