തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. 15 ദിവസത്തെ ഇടവേളയില്‍ മൂന്നുഘട്ടമായേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നാണ് നിര്‍ദേശം. ആദ്യഘട്ടത്തില്‍ ഒരു വീട്ടില്‍ നിന്ന് ഒരാളെയേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാവൂ എന്നും മൂന്നുമണിക്കൂറിനകം തിരിച്ചുവരണമെന്നും ശുപാര്‍ശയില്‍ പറയുന്നു. മുഖാവരണവും തിരിച്ചറിയല്‍ രേഖയും പുറത്തിറങ്ങുന്നവര്‍ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14നു ശേഷം എന്തുവേണമെന്ന് പഠിക്കാന്‍ നിയോഗിച്ച കര്‍മസമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചത്. മൂന്നുഘട്ടമായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരാം. ഓരോ ഘട്ടത്തിനും പ്രത്യേകം മാനദണ്ഡങ്ങളുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒന്നാംഘട്ടത്തില്‍ വീടിനു പുറത്തേക്ക് ഇറങ്ങുന്നതിന് ആളുകള്‍ക്ക തടസ്സമില്ല. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്കേ പുറത്തിറങ്ങാനാകൂ. മൂന്നുമണിക്കൂറേ ഇവര്‍ക്ക് വീടിനു പുറത്ത് ചിലവഴിക്കാനാകൂ. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post