ഡൽഹി: കൊവിഡ് 19 രോഗബാധയ്ക്കെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ അറിയിച്ച് ഡൽഹി ബാർ കൗൺസിൽ. രോഗവ്യാപനം തടയുന്നതിന് പ്രധാനമന്ത്രി സ്വീകരിക്കുന്ന നിലപാടുകളിൽ ഒപ്പം നിൽക്കുമെന്നും പരിപൂർണ്ണ സഹകരണം വാഗ്ദാനം ചെയ്യുന്നതായും ബാർ കൗൺസിൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ലോക്ക് ഡൗൺ കാലത്ത് രാഷ്ട്രീയ പാർട്ടികളോ മത്സംഘടനകളോ ആരും തന്നെ കൂട്ടം കൂടാൻ പാടില്ലെന്നും കൊറോണ സംശയിക്കുന്ന ആരെയും ഒളിഞ്ഞിരിക്കാൻ അനുവദിക്കരുതെന്നും കത്തിൽ പറയുന്നു. ഇത് രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണെന്നും ഇവിടെ ജാതി- മത വ്യത്യാസങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സാഹചര്യം ഡൽഹിയിലെ അഭിഭാഷക സമൂഹം കൃത്യമായി വിലയിരുത്തുകയാണ്. രാജ്യത്ത് വൈറസ് വ്യാപനം വർദ്ധികുകയും മരണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുണ്ടെങ്കിലും വികസിത രാജ്യങ്ങളെന്ന് അവകാശപ്പെടുന്നവരേക്കാൾ രോഗ പ്രതിരോധത്തിലും നിയന്ത്രണത്തിലും നാം മുന്നിലാണെന്നും അതിന് എല്ലാവരെയും അഭിനന്ദിക്കുന്നതായും ബാർ കൗൺസിൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് ഇതേവരെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 8300 പിന്നിട്ടു. മാർച്ച് 24 അർദ്ധരാത്രി മുതൽ രാജ്യം ലോക്ക് ഡൗണിലാണ്. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇനിയും നീട്ടാനാണ് സാദ്ധ്യത.










