ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും കളിക്കാരെയും പുകഴ്ത്തി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ഇന്ത്യൻ ക്രിക്കറ്റിൽ മാറ്റങ്ങൾ പ്രകടമായത് യുവരാജ് സിംഗും മഹേന്ദ്രസിംഗ് ധോണിയും ടീമിലേക്ക് കടന്നു വന്നതിന് ശേഷമാണെന്ന് അക്തർ അഭിപ്രായപ്പെട്ടു. 2007ലെയും 2011ലെയും ലോകകപ്പ് വിജയങ്ങൾ ആവർത്തിക്കാൻ കെൽപ്പുള്ള ടീമാണ് ഇന്ന് വിരാട് കോഹ്ലിക്ക് കീഴിൽ ഇന്ത്യക്ക് ഉള്ളതെന്നും മധ്യനിര കുറച്ചു കൂടി മെച്ചപ്പെടുത്തിയാൽ ഇന്ത്യ ഇന്നും ലോകത്തിലെ അജയ്യരുടെ സംഘമാണെന്നും പാക് താരം അഭിപ്രായപ്പെട്ടു.
യുവരാജ് സിംഗ് ഇന്ത്യൻ ടീമിലേക്ക് കടന്നു വന്ന ശേഷം ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ പ്രകടമായി. ഇന്ന് യുവരാജിന്റെയും ധോണിയുടെയും വിടവ് നികത്തുന്ന ഫിനിഷർമാർ ഇന്ത്യൻ മധ്യനിരയിൽ അനിവാര്യമാണ്. 2007ഉം 2011ഉം ആവർത്തിക്കാൻ ആ കുറവ് ഇന്ത്യ നികത്തിയേ മതിയാകൂവെന്നും താരം അഭിപ്രായപ്പെട്ടു.
സച്ചിൻ ടെണ്ടുൽക്കർ, ഗൗതം ഗംഭീർ, സഹീർ ഖാൻ, വീരേന്ദർ സേവാഗ് എന്നീ താരങ്ങൾ ആധുനിക ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയവരാണെങ്കിലും 2007ലെയും 2011ലെയും കിരീട നേട്ടങ്ങളുടെ ഭൂരിഭാഗം പ്രശംസകളും യുവരാജ്- ധോണി സഖ്യത്തിന് അവകാശപ്പെട്ടതാണെന്നും ഷോയിബ് അക്തർ പറഞ്ഞു.
Discussion about this post