ലിംഗസമത്വത്തിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. യു.എൻ.എഫ്.പി.എ ഇന്ത്യയുടെ നേതൃത്വത്തിൽ ലിംഗസമത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പ്രവർത്തനങ്ങളിലാണ് സഞ്ജു ശബ്ദമുയർത്തിയത്. എല്ലാവർക്കും സ്വപ്നം കാണാനും മുന്നേറാനും തുല്യ അവസരം ലഭിക്കണമെന്ന സന്ദേശമാണ് താരം പങ്കുവെച്ചത്.
“ക്ലാസ് മുറിയിലായാലും ജോലി സ്ഥലത്തായാലും ക്രിക്കറ്റ് മൈതാനത്തായാലും എല്ലാവർക്കും വലിയ സ്വപ്നങ്ങൾ കാണാനും ബഹുമാനത്തോടെ പരിഗണിക്കപ്പെടാനും തുല്യ അവസരം ലഭിക്കണം. ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ എന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇതിൽ വിട്ടുവീഴ്ചയില്ല. ഒരു കുടുംബത്തിനെങ്കിലും ലിംഗസമത്വത്തെ വ്യത്യസ്തമായി കാണാൻ എന്റെ ശബ്ദം സഹായിച്ചാൽ അതുതന്നെ വലിയ കാര്യമാണ്,” സഞ്ജു സാംസൺ പറഞ്ഞു.
മൈതാനത്ത് മുന്നോട്ട് കളിക്കുന്ന ശൈലിക്ക് പേരുകേട്ട സഞ്ജു സമാനമായ നിലപാടാണ് ഈ സാമൂഹിക വിഷയത്തിലും സ്വീകരിച്ചിരിക്കുന്നത്. യുവാക്കളാണ് സഞ്ജുവിന്റെ ആരാധകരിൽ വലിയൊരു വിഭാഗം എന്നതിനാൽ അദ്ദേഹത്തിന്റെ സന്ദേശം ക്രിക്കറ്റ് മൈതാനത്തിന് പുറത്തേക്കും വലിയ തോതിൽ എത്തുമെന്നാണ് യു.എൻ.എഫ്.പി.എ ഇന്ത്യ വിലയിരുത്തുന്നത്. ലിംഗസമത്വത്തെ പിന്തുണയ്ക്കുന്നതിലൂടെ പുരുഷന്മാർക്കും ആൺകുട്ടികൾക്കും സമൂഹത്തിൽ തുല്യത ഉറപ്പാക്കുന്നതിൽ പങ്കാളികളാകാമെന്ന സന്ദേശവും സഞ്ജുവിന്റെ പിന്തുണ മുന്നോട്ടുവയ്ക്കുന്നു.
ലിംഗസമത്വത്തിനായുള്ള യു.എൻ.എഫ്.പി.എ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് സഞ്ജു നൽകുന്ന പിന്തുണയെ ഇന്ത്യയിലെ യു.എൻ.എഫ്.പി.എ പ്രതിനിധി ആൻഡ്രിയ എം. വോജ്നാർ സ്വാഗതം ചെയ്തു. എല്ലാവർക്കും തുല്യ അവസരങ്ങളുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും ഇന്ത്യാ സർക്കാരുമായി സഹകരിച്ച് എല്ലാവർക്കും പഠിക്കാനും ആരോഗ്യത്തോടെ ജീവിക്കാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന കൂടുതൽ സമത്വമുള്ള ഇന്ത്യയ്ക്കായി യു.എൻ.എഫ്.പി.എ പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സഞ്ജുവിനെപ്പോലെ ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ഒരു ക്രിക്കറ്റ് താരം ലിംഗസമത്വത്തിനായി ശബ്ദമുയർത്തുമ്പോൾ അതിന് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നും ഈ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ പിന്തുണ സഹായിക്കുമെന്നും ആൻഡ്രിയ എം. വോജ്നാർ വ്യക്തമാക്കി.












